കൊല്ലം: അഞ്ചലിൽ സിവിൽ പൊലീസ് ഓഫീസറുടെ ബുള്ളറ്റ് ബൈക്ക് കത്തിച്ച സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമല്ല, വ്യക്തിപരമായ വൈരാഗ്യമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിനിയും സുഹൃത്തായ വയനാട് സ്വദേശിനിയും പൊലീസ് പിടിയിലായിട്ടുണ്ട്. ഇതിനിടെ, പിടിയിലായ യുവതികളിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതോടെ കേസിൽ നാടകീയമായ വഴിത്തിരിവുണ്ടായി. പുനലൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് യുവതി വിഷം കഴിച്ചത്. ഇവരെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറന്മുള സ്റ്റേഷനിലെ പൊലീസുകാരനായ ആർച്ചൽ സ്വദേശി വിവേകിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം വീടിന് മുന്നിലിട്ട് കത്തിച്ചത്. അക്രമികൾ വീടിന്റെ ഭിത്തിയിൽ കരി ഓയിൽ ഒഴിക്കുകയും ചെയ്തിരുന്നു. യുവതികളിൽ ഒരാളുമായി വിവേകിന്റെ വിവാഹനിശ്ചയം മുൻപ് കഴിഞ്ഞിരുന്നതായും, പിന്നീട് ഈ ബന്ധത്തിൽ നിന്ന് വിവേക് പിന്മാറിയതിലുള്ള കടുത്ത വൈരാഗ്യമാണ് ബൈക്ക് കത്തിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഈ ആക്രമണത്തിന്റെ ചുരുളഴിഞ്ഞത്.
അന്വേഷണം പൂർണ്ണമായും വഴിതിരിച്ചുവിടാൻ പ്രതികൾ വിവേകിന്റെ വീട്ടിൽ ഒരു ഊമക്കത്തും ഉപേക്ഷിച്ചിരുന്നു. രാഷ്ട്രീയ വിരോധം കാരണം ചെയ്തതാണെന്ന് വരുത്തിതീർക്കാൻ, "ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് വിചാരിച്ചോ, നീ കോളേജിലിട്ട് ഞങ്ങളുടെ പിള്ളാരെ തൊട്ടത് ഞങ്ങൾ മറക്കില്ല" തുടങ്ങിയ കടുത്ത രാഷ്ട്രീയ ഭീഷണികളായിരുന്നു കത്തിൽ എഴുതിയിരുന്നത്. എന്നാൽ പുനലൂർ എ.എസ്.പിയുടെ നേതൃത്വത്തിൽ യുവതികളെ വിശദമായി ചോദ്യം ചെയ്തതോടെ കത്തിലെ വിവരങ്ങൾ വ്യാജമാണെന്ന് തെളിയുകയായിരുന്നു. ഈ കൃത്യത്തിൽ യുവതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് ഇപ്പോൾ സജീവമായി അന്വേഷിക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















