കൊച്ചി: എറണാകുളം പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി വിധി നടപ്പിലാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗങ്ങളില്ലെന്ന് ഹൈക്കോടതി. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കരുതെന്നും, കോടതി വിധിയുടെ ശക്തി ഇല്ലാതാക്കുന്ന നടപടിയാണിതെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. എറണാകുളം റൂറൽ എസ്.പിയുടെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ സുപ്രധാന പരാമർശം.
കോടതി വിധി സംരക്ഷിക്കാൻ സർക്കാരിന് പൂർണ്ണമായ ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. തർക്കഭൂമിയിൽ നിലവിൽ താമസിക്കുന്നവർക്ക് അവിടെ തുടരാൻ നിയമപരമായ അവകാശമില്ലെന്നും, ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാനായി അവർ ഇതുവരെ നിയമപരമായ വഴികളോ കോടതികളെയോ സമീപിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. അത്തരം നടപടികൾ ഉണ്ടാകാത്തിടത്തോളം കാലം കുടിയൊഴിപ്പിക്കൽ തടയാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു. അതേസമയം, പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതെ വിഷയം പരിഹരിക്കുന്നതിനായി അഡ്വക്കറ്റ് ജനറൽ രണ്ടാഴ്ചത്തെ സാവകാശം തേടുകയും, കോടതി ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു.
സുപ്രീംകോടതി നിർദേശപ്രകാരം കഴിഞ്ഞ മേയ് 20-നാണ് പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനായി അധികൃതർ എത്തിയത്. അഡ്വക്കേറ്റ് കമ്മീഷൻ ജയപാലിന്റെ നേതൃത്വത്തിൽ ആരംഭിച്ച നടപടി നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിന് കാരണമായി. തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് ലാത്തിച്ചാർജ് നടത്തുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുൻപും പലതവണ ഇവിടെ കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും ജനകീയ പ്രതിരോധത്തെ തുടർന്ന് അധികൃതർ പിന്മാറുകയായിരുന്നു. എന്നാൽ ഇത്തവണ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നിലവിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് അമ്പതോളം പ്രതിഷേധക്കാർക്കെതിരെ തടിയിട്ടപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















