രാമനാട്ടുകര നഗരസഭയുടെ അതിർത്തി പങ്കിടുന്ന അമ്മിഞ്ഞാത്ത്ക്കടവ് മുതൽ കോടമ്പുഴ വരെയുള്ള ചാലിയാർ തീരങ്ങളിൽ അടിഞ്ഞുകൂടിയ ജൈവ-അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നാടൊന്നാകെ കൈകോർത്തു. മാലിന്യമുക്ത നവകേരളം, സ്വച്ഛ് സർവേക്ഷൺ പദ്ധതികളുടെ ഭാഗമായി നഗരസഭയിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനായി സംഘടിപ്പിച്ച 'ചേലോടെ ചാലിയാർ' ജനകീയ ശുചീകരണ കാംപെയ്നാണ് നാടിന്റെ വലിയൊരു കൂട്ടായ്മയായി മാറിയത്. മണിക്കൂറുകൾ നീണ്ട കഠിനപ്രയത്നത്തിനൊടുവിൽ ഒഴുക്കിലും തീരങ്ങളിലുമായി അടിഞ്ഞുകൂടിയ രണ്ട് ലോഡോളം മാലിന്യമാണ് സന്നദ്ധപ്രവർത്തകർ ഒത്തൊരുമയോടെ വാരിയെടുത്തത്. നഗരസഭാ അധ്യക്ഷൻ കല്ലട മുഹമ്മദലി ശുചീകരണ കാംപെയ്‌ന്റെ ഉദ്ഘാടനം നിർവഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ കെ.കെ. മുഹമ്മദ് കോയ, ഫൈസൽ പള്ളിയാളി, നഗരസഭാ കൗൺസിലർമാരായ വി. അബ്ദുൽ ലത്തീഫ്, പി.ടി. നദീറ, പി. ആയിഷ ജെസ്ന, കള്ളിയിൽ മുംതാസ്, കെ. പ്രവീൺ, എം.കെ. രാജീവ് കുമാർ, ആസൂത്രണസമിതി ഉപാധ്യക്ഷൻ എൻ.സി. ഹംസക്കോയ, ക്ലീൻ സിറ്റി മാനേജർ ഷജിൽകുമാർ തുടങ്ങിയവർ ശുചീകരണപ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി. പുഴയും തീരങ്ങളും സംരക്ഷിക്കാനുള്ള ഈ ജനകീയ കാംപെയ്ൻ വരുംദിവസങ്ങളിലും ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് നഗരസഭയുടെ തീരുമാനം. നാടിന്റെ ആരോഗ്യം കാക്കാൻ ഓരോ പൗരനും പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചുള്ള വലിയൊരു ഓർമ്മപ്പെടുത്തലായി ഈ ജനകീയയജ്ഞം മാറി.
ഇനി പുഴയിലോ മറ്റ് പൊതുസ്ഥലങ്ങളിലോ മാലിന്യം തള്ളാൻ മുതിരുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പ്രത്യേക നിരീക്ഷണവും പ്രദേശത്ത് ഏർപ്പെടുത്തും. സുപ്രീംകോടതി നിർദേശപ്രകാരം നിലവിൽവന്ന പുതിയ ഖരമാലിന്യ സംസ്കരണച്ചട്ടം ലംഘിച്ച് പൊതുയിടങ്ങൾ മലിനമാക്കുന്നവരിൽ നിന്ന് വൻതുക പിഴയായി ഈടാക്കുമെന്നും നഗരസഭാ അധികൃതർ മുന്നറിയിപ്പ് നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















