കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവിലെ പട്ടികജാതി ഉന്നതി ഒഴിപ്പിക്കുന്നതിനായി അഭിഭാഷക കമ്മീഷൻ ഇന്ന് എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. സുപ്രീംകോടതി നിർദേശപ്രകാരം കഴിഞ്ഞ മേയ് 20-ന് ആരംഭിച്ച കുടിയൊഴിപ്പിക്കൽ നടപടികൾ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. കമ്മീഷൻ വീണ്ടും എത്തിയാൽ മനുഷ്യകവചം തീർത്ത് പ്രതിരോധിക്കുമെന്ന് സി.പി.ഐ.എമ്മും സമരസമിതിയും വ്യക്തമാക്കിയതോടെ പ്രദേശം വീണ്ടും ചർച്ചാകേന്ദ്രമാവുകയാണ്. എന്നാൽ, പ്രദേശത്ത് പോലീസിന്റെ ഭാഗത്തുനിന്ന് നിലവിൽ യാതൊരു നടപടികളും ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന സമവായ ചർച്ചയ്ക്ക് ശേഷം മന്ത്രി റോജി എം. ജോൺ ഉന്നതി നിവാസികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന എട്ട് കുടുംബങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ നേരിട്ട് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. കൂടാതെ, സുപ്രീംകോടതിയിൽ നടപടികൾക്കായി കൂടുതൽ സാവകാശം തേടുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ ചേംബറിൽ മന്ത്രി റോജി എം. ജോൺ, കുന്നത്തുനാട് എം.എൽ.എ വി.പി. സജീന്ദ്രൻ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്ന സമവായ ചർച്ചയിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. കോടതി വിധി എതിരായാൽ പോലും കുടുംബങ്ങളെ പെരുവഴിയിലാക്കില്ലെന്നും സർക്കാർ ഇവർക്കൊപ്പം നിന്ന് പൂർണ്ണമായി പുനരധിവസിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. പാരിയത്തുകാവ് കേസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ ഇത്തരത്തിൽ നേരിട്ട് ഇടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ മേയ് 20-ന് അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിൽ കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ചപ്പോൾ വലിയ രീതിയിലുള്ള സംഘർഷമാണ് പ്രദേശത്തുണ്ടായത്. പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിലും ജലപീരങ്കി പ്രയോഗത്തിലും നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനെ തുടർന്ന് കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ തടിയിട്ടപ്പറമ്പ് പോലീസ് നിലവിൽ കേസെടുത്തിട്ടുണ്ട്. മുൻപും പലതവണ ഇവിടെ കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും ജനകീയ പ്രതിരോധത്തെ തുടർന്ന് അധികൃതർ പിന്മാറുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















