പേരാമ്പ്ര: പരിചരിക്കാനും സംരക്ഷിക്കാനും ആരുമില്ലാതെ ഒറ്റപ്പെട്ടുപോകുന്ന ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്ക് ആശ്വാസമേകി പേരാമ്പ്രയിൽ 'സ്നേഹക്കൂട്' ഒരുങ്ങുന്നു. തങ്ങൾക്കുശേഷം മക്കളെ ആര് പൊന്നുപോലെ നോക്കും എന്ന മാതാപിതാക്കളുടെ ആശങ്കയ്ക്ക് പരിഹാരമായാണ് കാരുണ്യത്തിന്റെ ഈ വലിയ കൂട്ടായ്മ രൂപപ്പെടുന്നത്. തണലിന്റെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ ഒത്തുചേർന്ന് പന്തിരിക്കരയ്ക്ക് സമീപം പള്ളിക്കുന്നിൽ ഒന്നര ഏക്കർ സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എറണാകുളം കോതമംഗലത്തെ പ്രവാസി വ്യവസായി സെമീർ പൂങ്കുഴി 70 ലക്ഷം രൂപ ചെലവിൽ നിർമിച്ചുനൽകിയ എട്ടു വീടുകളുടെ പ്രവൃത്തി ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഓരോ വീട്ടിലും ഏഴുപേരെ വീതം കെയർടേക്കർമാരുടെ സംരക്ഷണത്തിൽ താമസിപ്പിക്കാൻ സാധിക്കുന്ന ഈ പദ്ധതിയിലൂടെ ആകെ 50 ഭിന്നശേഷി പെൺകുട്ടികൾക്കാണ് അഭയമൊരുങ്ങുന്നത്. അപേക്ഷ നൽകിയ നിരവധി ആളുകളിൽ നിന്നാണ് അർഹരായ 50 പേരെ തിരഞ്ഞെടുത്തതെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റിട്ട. പ്രധാനാധ്യാപകൻ പി.കെ. നവാസ് വ്യക്തമാക്കി.
ഇവിടെ താമസിക്കുന്ന കുട്ടികൾക്ക് ജീവിതത്തിൽ സ്വയംപര്യാപ്തത നേടാനായി 10,000 സ്ക്വയർ ഫീറ്റിൽ ഒരു തൊഴിൽ പരിശീലനശാലയും ജനകീയ കൂട്ടായ്മയിലൂടെ നിർമിക്കുന്നുണ്ട്. ഇതിനായുള്ള ഫണ്ട് സ്വരൂപണം ലക്ഷ്യമിട്ട് ഈ മാസം 30-ന് 'പൊരേക്കൂടൽ' എന്ന പേരിൽ വിപുലമായ ഗൃഹപ്രവേശന ചടങ്ങ് സംഘടിപ്പിക്കും. രാവിലെ 11 മുതൽ വൈകീട്ട് ആറ് വരെയുള്ള സമയത്ത് പൊതുജനങ്ങൾക്ക് ഇവിടെയെത്തി ഈ സദുദ്യമത്തിൽ പങ്കാളികളാകാമെന്ന് സംഘാടകസമിതി കൺവീനറും പഞ്ചായത്തംഗവുമായ ഷെഫീഖ് കയനോത്ത് അറിയിച്ചു. ഒരു സ്ക്വയർ ഫീറ്റിന് രണ്ടായിരം രൂപ സംഭാവന നൽകി ആർക്കും ഈ നിർമാണത്തിൽ പങ്കുചേരാവുന്നതാണ്. പരിശീലനശാലയുടെ നിർമാണത്തിനും കുട്ടികളുടെ ഒരു വർഷത്തെ സംരക്ഷണത്തിനുമായി 2.50 കോടി രൂപയാണ് ആകെ പ്രതീക്ഷിക്കുന്നത്.
നിലവിൽ വയനാട്ടിൽ ഭിന്നശേഷിക്കാരായ ആൺകുട്ടികൾക്കായി ഒരു വലിയ കെട്ടിടത്തിൽ ഒന്നിച്ച് താമസിപ്പിക്കുന്ന സംവിധാനമുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി, സ്വന്തം വീട്ടിൽ കഴിയുന്ന അതേ അന്തരീക്ഷം ഒരുക്കുക എന്ന സങ്കല്പമാണ് സ്നേഹക്കൂടിനുള്ളത്. കുറ്റ്യാടി മേഖലയിലെ എട്ട് പഞ്ചായത്തുകളിലുള്ളവരും എൻ.എസ്.എസ്. വൊളന്റിയർമാർ, വിവിധ ആരാധനാലയ കമ്മിറ്റികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരും ഈ കാരുണ്യ പദ്ധതിക്കായി വലിയ പിന്തുണയുമായി ഒപ്പമുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















