നാദാപുരം: നാദാപുരം ഗവ. കോളേജിന് തൊട്ടുമുകളിലുള്ള കിണമ്പ്രക്കുന്നിൽ നിയമവിരുദ്ധമായി മണ്ണെടുത്ത് കെട്ടിടം നിർമിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. പ്രദേശവാസികളുടെ കടുത്ത എതിർപ്പ് നിലനിൽക്കെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ കിണമ്പ്രക്കുന്ന് പ്രദേശം സന്ദർശിച്ചു. കുന്നിടിച്ച് മണ്ണെടുക്കുന്നതോടെ തെരുവമ്പറമ്പ്, വിഷ്ണുമംഗലം, പെരുവങ്കര തുടങ്ങിയ സമീപപ്രദേശങ്ങളിലെ പ്രകൃതിദത്ത ജലസ്രോതസ്സുകൾ പൂർണ്ണമായും വറ്റിവരളുമെന്നും ഇത് വലിയ മണ്ണിടിച്ചിലിന് കാരണമാകുമെന്നും നാട്ടുകാർ ആശങ്ക ഉന്നയിച്ചു. കൂടാതെ, മഴക്കാലത്ത് ഇവിടെനിന്നുള്ള ചെളിയും മണ്ണും കുത്തിയൊലിച്ചെത്തുന്നത് സമീപത്തെ റോഡുകൾക്കും ഗവ. കോളേജ് കെട്ടിടത്തിനും കനത്ത ഭീഷണി ഉയർത്തുമെന്നും അവർ ചൂണ്ടിക്കാട്ടി.
അതിനിടെ, കിണമ്പ്രക്കുന്നിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലുടമയുടെ ആളുകൾ ഒരു സി.പി.എം. നേതാവിനെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിക്കുന്ന ഫോൺ ശബ്ദസന്ദേശം പുറത്തുവന്നത് പുതിയ വിവാദത്തിന് വഴിതുറന്നിട്ടുണ്ട്. മൊബൈൽഫോൺ അടക്കമുള്ള പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് ഈ സന്ദേശം. എന്നാൽ, എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന ഈ ശബ്ദരേഖയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും സി.പി.എം. കല്ലാച്ചി ലോക്കൽ സെക്രട്ടറി കെ.പി. കുമാരൻ വ്യക്തമാക്കി.
കുന്നിലെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സമീപവാസികൾക്കുള്ള കടുത്ത ആശങ്കയകറ്റാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി തയ്യാറാകണമെന്ന് സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, മണ്ഡലം പ്രസിഡൻ്റ് വി.വി. റിനീഷ്, ഗ്രാമപ്പഞ്ചായത്തംഗം ഉമേഷ് പെരുവങ്കര, നേതാക്കളായ കെ.ടി.കെ. അശോകൻ, എരഞ്ഞിക്കൽ വാസു, യു.പി. പ്രദീഷ്, ബാലൻ പെരുവങ്കര, കൃഷ്ണൻ അങ്ങേക്കര, സുഭാഷ് തുടങ്ങിയവർ പ്രതിഷേധ സംഘത്തിനൊപ്പം സ്ഥലം സന്ദർശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















