തൃശ്ശൂർ ജില്ലയിലെ ചാവക്കാട് തീരത്ത് വീണ്ടുമൊരു കടലാമക്കാലത്തിന് ആവേശകരമായ സമാപനം. ഇത്തവണ കണ്ടെത്തിയ കടലാമക്കൂടുകളുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് നേരിയ കുറവുണ്ടായെങ്കിലും, വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വൻ വർധനവ് പരിസ്ഥിതി പ്രവർത്തകർക്കും വനംവകുപ്പിനും വലിയ നേട്ടമായി മാറി. ഈ സീസണിൽ നൂറ്റമ്പതിനടുത്ത് കടലാമക്കൂടുകളാണ് വനംവകുപ്പ് വാച്ചർമാർക്ക് ചാവക്കാട് തീരത്തുനിന്ന് ലഭിച്ചത്. ഇതിൽ ഭൂരിഭാഗം കൂടുകളിലെയും മുട്ടകൾ വിജയകരമായി വിരിഞ്ഞു എന്നുള്ളതാണ് ഈ വർഷത്തെ പ്രത്യേകത. വളരെ കുറച്ച് കൂടുകൾ മാത്രമാണ് വിരിയാതെ നഷ്ടപ്പെട്ടത്.
സാധാരണയായി ശേഖരിക്കുന്ന മുട്ടകളിൽ 50 ശതമാനത്തിൽ താഴെ മാത്രമാണ് വിരിയാറുള്ളതെങ്കിൽ, ഇത്തവണ വിരിഞ്ഞിറങ്ങിയ കൂടുകളിലെ 80 മുതൽ 90 ശതമാനം മുട്ടകളും കുഞ്ഞുങ്ങളായി പുറത്തുവന്നു. കഴിഞ്ഞ സീസണിൽ ഇരുനൂറിലേറെ കൂടുകൾ ലഭിച്ചിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ ആദ്യം ലഭിച്ച നൂറോളം കൂടുകളിലെ മുട്ടകൾ മാത്രമാണ് വിരിഞ്ഞിരുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത്തവണ വളരെ മികച്ച പ്രത്യുത്പാദന നിരക്കാണ് രേഖപ്പെടുത്തിയതെന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.ജെ. ഗീവർ വ്യക്തമാക്കി.
തീരങ്ങളിൽ 43 കടലാമക്കൂടുകൾ കണ്ടെത്തിയ പുത്തൻകടപ്പുറം സൂര്യ കടലാമസംരക്ഷണ സമിതിയാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ കൂടുകൾ ശേഖരിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തീരത്തെ മണ്ണിലെ വള്ളികളും മറ്റ് മാലിന്യങ്ങളും പൂർണ്ണമായി നീക്കം ചെയ്ത് മികച്ച രീതിയിൽ ഹാച്ചറി ഒരുക്കിയതാണ് ഇത്തവണ കൂടുതൽ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങാൻ സഹായകരമായതെന്ന് സൂര്യ കടലാമസംരക്ഷണ സമിതി പ്രവർത്തകൻ പി.എ. സെയ്തുമുഹമ്മദ് പറഞ്ഞു. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ കടപ്പുറം വെളിച്ചെണ്ണപ്പടി തീരത്തുനിന്നാണ് ഈ സീസണിലെ ആദ്യ കടലാമക്കൂട് ലഭിച്ചത്. തുടർന്ന് മാർച്ച് അവസാനം വരെ കൂടുകൾ ലഭിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാൻ എത്തുന്ന പ്രധാന തീരമായി ചാവക്കാട് മാറിയിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















