തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ സാഹചര്യം കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഇതിനുപുറമെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടുത്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കാൻ തയ്യാറാകണം. കള്ളക്കടൽ പ്രതിഭാസമുള്ളപ്പോൾ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും തിരികെ കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമായതിനാൽ തിരമാലകൾ ശക്തിപ്പെടുന്ന ഘട്ടത്തിൽ ഇത്തരം ശ്രമങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.
മത്സ്യബന്ധന യാനങ്ങളെല്ലാം ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടാനും, വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാൻ കൃത്യമായ അകലം പാലിക്കാനും നിർദേശമുണ്ട്. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ ഉള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തണം. അതോടൊപ്പം ബീച്ചുകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. കാലാവസ്ഥാ ഏജൻസികളുടെ സുരക്ഷാ മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണമുണ്ടായിരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















