മുക്കം: കോടികൾ ചെലവിട്ട് നടപ്പാക്കുന്ന മുക്കം നഗര സൗന്ദര്യവത്‌കരണ പ്രവൃത്തിയിലെ അനാസ്ഥയും മെല്ലെപ്പോക്കും വ്യാപാരികൾക്കും യാത്രക്കാർക്കും ഒരുപോലെ ശാപമാകുന്നു. പുതിയ ബസ് സ്റ്റാൻഡ് വഴിയുള്ള സർവീസുകൾ പുനരാരംഭിക്കാത്തത് വ്യാപാരികളുടെ കഞ്ഞിമുട്ടിക്കുമ്പോൾ, രൂക്ഷമായ ഗതാഗതക്കുരുക്കും തകർന്നടിഞ്ഞ റോഡുകളും യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാകുകയാണ്.
നഗരത്തിലെ മുഴുവൻ റോഡുകളും 4.8 കോടി രൂപ ചെലവഴിച്ച് അത്യാധുനിക രീതിയിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിക്കാനും, സാധിക്കാത്തയിടങ്ങളിൽ കൊരുപ്പുകട്ടകൾ (ഇന്റർലോക്ക്) വിരിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കാനുമായിരുന്നു പദ്ധതി. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ആലിൻചുവട് - മുക്കം കടവ് പാലം റോഡ്, മാർക്കറ്റ് റോഡ്, തൃക്കുടമണ്ണ ക്ഷേത്രം റോഡ് എന്നിവ മാത്രമേ ഇതുവരെ നവീകരിച്ചിട്ടുള്ളൂ. വെറും രണ്ടുമാസം കൊണ്ട് തീർക്കാമെന്ന് ഉറപ്പു നൽകി ആരംഭിച്ച ആലിൻചുവട് - പുതിയ സ്റ്റാൻഡ് റോഡ് പ്രവൃത്തി പത്തു മാസം കഴിഞ്ഞിട്ടും എങ്ങുമെത്താത്ത അവസ്ഥയിലാണ്. പുതിയ സ്റ്റാൻഡിൽ കൊരുപ്പുകട്ടകൾ പാകിയെങ്കിലും ഇതുവരെ ബസുകൾക്ക് പ്രവേശനം നൽകിയിട്ടില്ല.
ബസ് സർവീസ് ഇല്ലാതായതോടെ ഒരു വർഷത്തോളമായി നഗരത്തിൽ കച്ചവടം പൂർണ്ണമായി നിലച്ച അവസ്ഥയിലാണ്. ഇതോടൊപ്പം ബലിപെരുന്നാൾ, സ്കൂൾ സീസൺ വിപണികളും നഷ്ടമായതോടെ പിടിച്ചുനിൽക്കാനാവാതെ കടുത്ത പ്രതിസന്ധിയിലാണ് വ്യാപാരികൾ. നിർമാണത്തിലെ മെല്ലെപ്പോക്കിനെച്ചൊല്ലി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളും കരാറുകാരും തമ്മിൽ പലതവണ വാക്കേറ്റമുണ്ടാവുകയും, നഗരസഭാ അധികൃതരുമായി ചർച്ച നടത്തി പ്രക്ഷോഭങ്ങൾ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല.
ഇതിനിടെ മലയോരമേഖലയിൽ വേനൽമഴ ശക്തമായതോടെ വയലിൽ മമ്മദ് ഹാജി റോഡിലും ബൈപ്പാസിലുമുള്ള വൻകുഴികളിൽ ചെളിനിറഞ്ഞ് കാൽനടയാത്ര പോലും അസാധ്യമായി. നേരത്തെ കോൺക്രീറ്റ് ചെയ്‌ത ബൈപ്പാസ് തകർന്ന് കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലാണ്. ഇത് വാഹനങ്ങളുടെ ടയറുകളിൽ കുത്തിക്കയറി നിരന്തരം അപകടങ്ങൾ ഉണ്ടാക്കുന്നു. നഗരത്തിലെ നവീകരണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കി തങ്ങളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ശക്തമായ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















