തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന പുതിയ സർക്കാരിന്റെ പ്രഖ്യാപനത്തിൽ കടുത്ത ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഈ പദ്ധതി നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല പൂർണ്ണമായും തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി.യിലേക്ക് യാത്രാക്കാർ കൂട്ടത്തോടെ മാറുമ്പോൾ സ്വകാര്യ ബസുകൾക്ക് സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്രതിസന്ധി മറികടക്കാൻ സ്വകാര്യ ബസുകളിലെ യാത്രാനിരക്ക് വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. നിലവിൽ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന യാത്രാ കൺസഷൻ പൂർണ്ണമായും ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. ഡീസൽ വിലയും മറ്റ് അറ്റകുറ്റപ്പണി ചിലവുകളും വർധിച്ച സാഹചര്യത്തിൽ, ടിക്കറ്റ് നിരക്കിൽ ആവശ്യമായ മാറ്റം വരുത്താതെ സ്വകാര്യ ബസ് വ്യവസായത്തിന് ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഉടമകൾ വ്യക്തമാക്കുന്നത്.
വനിതാ സൗജന്യയാത്ര മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളും തങ്ങളുടെ മറ്റ് ആവശ്യങ്ങളും അടങ്ങിയ നിവേദനം ചൊവ്വാഴ്ച തന്നെ മുഖ്യമന്ത്രി വി.ഡി. സതീശനെയും ഗതാഗത വകുപ്പ് മന്ത്രിയെയും നേരിൽ കണ്ട് ബോധ്യപ്പെടുത്താനാണ് ബസ് ഉടമകളുടെ തീരുമാനം. ചർച്ചയിലൂടെ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാടും അടിയന്തര പരിഹാരവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടി. ഗോപിനാഥൻ പറഞ്ഞു. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്ന വനിതകൾക്കുള്ള സൗജന്യയാത്ര, വരും ദിവസങ്ങളിൽ ജൂൺ 15 മുതൽ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വകാര്യ ബസ് മേഖലയിൽ പ്രതിഷേധം ശക്തമാകുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















