കണ്ണൂർ: നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ തുറന്നടിച്ച് സിപിഐഎം നേതാക്കൾ. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണ് രൂക്ഷ വിമർശനം. മത്സരിക്കാനുള്ള ടേം വ്യവസ്ഥ പ്രഹസനമാക്കിയെന്നും ഇളവുകൾ പിണറായിക്ക് മാത്രമാക്കി മാറ്റിയെന്നും നേതാക്കൾ വിമർശിച്ചു. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള യോഗത്തിലാണ് വിമർശനം. ഇന്നലെ ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും വിമർശനം ഉന്നയിച്ചിരുന്നു.
'പിണറായിയെ മാത്രം കേന്ദ്രീകരിച്ച പ്രചരണം തിരിച്ചടിയായി. കെ കെ ശൈലജയെ പേരാവൂരിൽ നിർത്തി തോൽപ്പിച്ചു. എന്തുകൊണ്ട് ശൈലജയെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിഞ്ഞില്ല. ജനകീയമുഖമായ ശൈലജയെ മുൻനിർത്തിയിരുന്നുവെങ്കിൽ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നായേനെ. ഭരണം നഷ്ടപ്പെടുമെങ്കിലും ഇത്ര ദയനീയ പരാജയം ഉണ്ടാവില്ല', നേതാക്കൾ പറഞ്ഞു. പാർട്ടി സർക്കാരിന് അടിമപ്പെടുകയായിരുന്നുവെന്നും വിമർശനമുണ്ട്. ധർമ്മടം മണ്ഡലത്തിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും മുൻ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചു.
കൊല്ലം, കോഴിക്കോട്, എറണാകുളം ജില്ലാ നേതൃയോഗങ്ങളിലും രൂക്ഷ വിമർശനമുണ്ടായിരുന്നു. ജനവികാരം മാനിച്ച് പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നാണ് ഉയർന്ന ആവശ്യം. പിണറായിയുടെ ഭാഷയും ശൈലിയും ജനങ്ങളെ വെറുപ്പിച്ചുവെന്നും വിമർശനമുയർന്നു. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രവർത്തന ശൈലിയിലും വിമർശനമുണ്ടായി.
സീറ്റ് പിടിച്ചെടുക്കാനെന്ന പേരിൽ കെ കെ ശൈലജയെ തോൽക്കുന്ന സീറ്റിൽ മത്സരിപ്പിച്ച് ജനങ്ങളെ പുച്ഛിച്ചുവെന്നും പിടിച്ചെടുക്കാനുള്ള സീറ്റിൽ മത്സരിച്ച് ധീരത കാട്ടേണ്ടത് പിണറായിയായിരുന്നുവെന്നുമുള്ള രൂക്ഷവിമർശനവുമുണ്ടായി. എം വി ഗോവിന്ദൻ ഓരോ തവണ മാധ്യമങ്ങളെ കാണുമ്പോഴും 100 പേരെങ്കിലും പാർട്ടിക്കെതിരാകുന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് നൂറ്റാണ്ടിന്റെ മണ്ടത്തരമാണ്. ഓരോ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ഓരോ നയമാണ്. ഇഷ്ടമുള്ളവരെ മത്സരിപ്പിക്കാൻ ഒരു നയവും ഇഷ്ടമില്ലാത്തവരെ മാറ്റിനിർത്താൻ മറ്റൊരു നയവുമാണെന്നും വിമർശനമുണ്ടായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















