പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ അപകടകാരണം കണ്ടെത്താനാകാതെ അധികൃതർ. പ്രാഥമികമായി കരുതിയത് പോലെ എൻജിൻ ഭാഗത്തു നിന്നല്ല, മറിച്ച് കാറിന്റെ പിൻഭാഗത്ത് നിന്നാണ് തീപടർന്നതെന്നാണ് ജില്ലാ ഫോറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ. പെട്രോൾ വാഹനമായിരുന്നിട്ടും ഇതിന്റെ ഇന്ധന ടാങ്കിൽ യാതൊരുവിധ ചോർച്ചയും കണ്ടെത്താനായിട്ടില്ല.
എൻജിന്റെ റേഡിയേറ്റർ ഭാഗത്തോ എ.സി സിസ്റ്റത്തിലോ തീപിടിത്തത്തിനുള്ള സാധ്യതകൾ ഫോറൻസിക് സംഘം കണ്ടെത്തിയിട്ടില്ല. കാറിന്റെ മുൻഭാഗം വലിയ തോതിൽ കത്തിയുമില്ല. കൂടുതൽ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ യഥാർത്ഥ അപകടകാരണം വ്യക്തമാകൂ എന്ന് ഫോറൻസിക് വിദഗ്ധർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ പ്രത്യേക പരിശോധന നടത്തും. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയുണ്ടായ അപകടത്തിൽ കക്കറമുക്ക് സ്വദേശി രജിൻലാലിന്റെ ഭാര്യ സോന (27) ആണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്നു സോന.
ഡോർ ലോക്കായി സോന ഉള്ളിൽ കുടുങ്ങി; രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി തീ
ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. കാറിന് തീപിടിച്ചയുടൻ ഡ്രൈവിങ് സീറ്റിലായിരുന്ന രജിൻലാൽ പുറത്തിറങ്ങി സമീപത്തെ തോട്ടിലേക്ക് ചാടിയാണ് വസ്ത്രത്തിലെ തീയണച്ചത്. കാറിന്റെ പിൻസീറ്റിലായിരുന്ന സോന സെൻട്രൽ ലോക്കിങ് സംവിധാനം പ്രവർത്തനരഹിതമായതിനെ തുടർന്ന് ഉള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
ആദ്യഘട്ടത്തിൽ രജിൻലാൽ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് നാട്ടുകാർ കരുതിയത്. എന്നാൽ ഉള്ളിൽ സോനയുണ്ടെന്ന് രജിൻ വിളിച്ചുപറഞ്ഞപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്. അപ്പോഴേക്കും കാറിന്റെ പിൻഭാഗത്ത് തീ ആളിപ്പടർന്നിരുന്നു. പിന്നീട് പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് സോനയുടെ മൃതദേഹം പുറത്തെടുത്തത്. കാർ ഓടിച്ചിരുന്ന രജിൻലാൽ (34) 60 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
പ്രണയസാഫല്യത്തിനൊടുവിൽ വിധി തട്ടിയെടുത്ത ജീവിതം
മൂന്ന് വർഷം മുൻപായിരുന്നു രജിൻലാലിന്റെയും സോനയുടെയും പ്രണയവിവാഹം. വിദേശത്തായിരുന്ന രജിൻലാൽ ഒരു മാസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. തിരികെ പോകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്. പാലേരി കല്ലിക്കണ്ടിമീത്തൽ ശ്രീനിവാസന്റെയും വസന്തയുടെയും മകളാണ് സോന. സഹോദരൻ: സോനു. ശനിയാഴ്ച രാത്രിയോടെ പാലേരിയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അമ്മ വസന്ത ഉൾപ്പെടെയുള്ള ബന്ധുക്കൾ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി. സംഭവത്തിൽ മേപ്പയൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















