സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെ.എസ്.ഇ.ബി. അഭ്യർത്ഥിച്ചു. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് ഉന്നതതല യോഗത്തിന് ശേഷം കെ.എസ്.ഇ.ബി. പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രതിസന്ധി രൂക്ഷമായാൽ ഗ്രിഡ് സുരക്ഷയ്ക്കായി രാത്രി സമയങ്ങളിൽ 30 മിനിറ്റിൽ താഴെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന് അനുമതി നൽകിയിട്ടുണ്ട്.
വൈകുന്നേരം 6 മുതൽ രാത്രി 12 വരെയുള്ള സമയത്ത് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കി പകൽ സമയത്തേക്ക് മാറ്റണമെന്നാണ് കെ.എസ്.ഇ.ബി.യുടെ പ്രധാന നിർദ്ദേശം. എസി ഉപയോഗിക്കുന്നവർ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താനും അത്യാവശ്യമുള്ള മുറികളിൽ മാത്രം ഉപയോഗം പരിമിതപ്പെടുത്താനും ശ്രദ്ധിക്കണം. കൂടാതെ ഇൻഡക്ഷൻ കുക്കർ, ഇലക്ട്രിക് ഹീറ്റർ, അയൺ ബോക്സ്, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം പീക്ക് സമയങ്ങളിൽ ഒഴിവാക്കേണ്ടതാണ്. അത്യാവശ്യമില്ലാത്ത ലൈറ്റുകളും മറ്റ് വൈദ്യുത ഉപകരണങ്ങളും അണച്ച് സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അന്തരീക്ഷ താപനില പ്രതീക്ഷിച്ചതിലും ഉയർന്ന് 41 ഡിഗ്രി വരെ എത്തിയതാണ് വൈദ്യുതി ആവശ്യകത കുതിച്ചുയരാൻ കാരണമായത്. ഏപ്രിൽ 27-ന് 118.26 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡ് ഉപയോഗമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ആവശ്യകതയുടെ ഭൂരിഭാഗവും പുറത്തുനിന്ന് വാങ്ങുന്ന കേരളത്തിന് ദേശീയ വിപണിയിലെ വൈദ്യുതി കുറവ് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധനയും പാചകവാതക ക്ഷാമം മൂലം ജനങ്ങൾ ഇൻഡക്ഷൻ കുക്കറുകളെ അമിതമായി ആശ്രയിക്കുന്നതും നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. പൊതുജനങ്ങളുടെ കൃത്യമായ സഹകരണമുണ്ടെങ്കിൽ ലോഡ്ഷെഡിംഗ് പോലുള്ള കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കി ഈ സാഹചര്യം മറികടക്കാമെന്ന് ഊർജ്ജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















