പൂവാർ തിങ്കളാഴ്‌ച രാത്രിയിൽ പുല്ലുവിളയിലുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്‌ടം. മത്സ്യത്തൊഴിലാളികൾ വിശ്രമിച്ച ഷെഡ്‌ഡ് തകർന്ന് കടപ്പുറത്തിരുന്ന മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. വള്ളങ്ങളും ഷെഡ്ഡും തകർന്നു.
പുല്ലുവിള പുതിയതുറ പുരയിടത്തിൽ ഫ്രാൻസിസിനാണ് (58) പരിക്കേറ്റത്. പുല്ലുവിള പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച ഫ്രാൻസിസിനെ വിദഗ്‌ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി 9.30-ഓടെയാണ് തീരപ്രദേശത്ത് അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്.
പുലർച്ചെ മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ തയ്യാറെടുക്കുന്നതിൻ്റെ ഭാഗമായി ഫ്രാൻസിസും മറ്റ് ചില മത്സ്യത്തൊഴിലാളികളും കടൽക്കരയിൽ വിശ്രമിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ ശക്തമായ കാറ്റിൽ മത്സ്യത്തൊഴിലാളികൾ വിശ്രമിച്ച ഷെഡ്ഡ് തകർന്നുവീണു. ഷെഡ്‌ഡിൻ്റെ മേൽക്കൂരയിലെ ഷീറ്റ് ദേഹത്ത് പതിച്ചാണ് ഫ്രാൻസിസിന് പരിക്കേറ്റത്. ചുഴലിക്കാറ്റിൽ തീരത്ത് സൂക്ഷിച്ചിരുന്ന അഞ്ച് വള്ളങ്ങൾ പൂർണമായി തകർന്നു. നിരവധി വള്ളങ്ങൾക്ക് കേടുപാടുകൾ പറ്റി. വള്ളങ്ങൾ സൂക്ഷിക്കാൻ നിർമ്മിച്ചിരുന്ന നിരവധി ഷെഡ്‌ഡുകൾ തകർന്നുവീണു. വള്ളങ്ങളിൽ മൂടിയിരുന്ന ടാർപ്പോളിനുകൾ കാറ്റിൽ പറന്നുപോയി. വലകൾക്കും മറ്റ് മത്സ്യബന്ധന ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
അപ്രതീക്ഷിതമായി തീരത്തുണ്ടായ ചുഴലിക്കാറ്റ് തീരത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരസഹായം ലഭ്യമാക്കണമെന്നും തകർന്ന വള്ളങ്ങൾക്കും ഷെഡ്‌ഡുകൾക്കും നഷ്‌ടപരിഹാരം നൽകാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ജില്ലാപഞ്ചായത്തംഗം ഫ്രീഡ് സൈമൺ ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















