ചന്ദ്രഗിരി കോട്ടയെ ഡെസ്റ്റിനേഷൻ വെഡിങ് കേന്ദ്രമാക്കി മാറ്റും-കളക്ടർ

ചന്ദ്രഗിരി കോട്ടയെ ഡെസ്റ്റിനേഷൻ വെഡിങ് കേന്ദ്രമാക്കി മാറ്റും-കളക്ടർ
ചന്ദ്രഗിരി കോട്ടയെ ഡെസ്റ്റിനേഷൻ വെഡിങ് കേന്ദ്രമാക്കി മാറ്റും-കളക്ടർ
Share  
2026 Apr 26, 08:50 AM
SAMUDRA
NISH
yoga

കാസർകോട് ചരിത്രപ്രാധാന്യമുള്ള ചന്ദ്രഗിരിക്കോട്ടയിലെ അടിസ്ഥാനസൗകര്യ വികസനം പൂർത്തിയാക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കളക്‌ടർ അർജുൻ പാണ്ഡ്യൻ നിർദേശിച്ചു. ചന്ദ്രഗിരി കോട്ടയെ ഡെസ്റ്റിനേഷൻ വെഡിങ് ഉൾപ്പെടെയുള്ള വിവിധ പരിപാടികളുടെ ഇടമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.


സംസ്ഥാന പുരാവസ്‌തു വകുപ്പിൽനിന്ന് നടത്തിപ്പിനും പരിപാലനത്തിനുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിൽ വിട്ടുനൽകിയതിനെത്തുടർന്നാണ് കളക്‌ടർ കോട്ടയിലേക്ക് എത്തിയത്.


കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കോട്ടയുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം നിർദേശം നൽകി.


പുരാവസ്‌തു പൈതൃകഭംഗിക്ക് കോട്ടം തട്ടാതെ കോട്ടയ്ക്കുള്ളിലെ നടപ്പാതകളുടെയും ഇരിപ്പിടങ്ങളുടെയും അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാനും കോട്ടയും പരിസരവും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സമഗ്ര ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും കളക്‌ടർ നിർദേശിച്ചു.


ഇതിനുപുറമെ, കോട്ടയ്ക്കുള്ളിലെ ചരിത്രപ്രാധാന്യമുള്ള കുളം സംരക്ഷിക്കുകയും നവീകരിക്കുകയും ചെയ്യും.


സന്ദർശകർക്ക് വിശ്രമിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി ഇരിപ്പിടസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം ശൗചാലയങ്ങളും ഒരുക്കും. കോട്ടയ്ക്കുള്ളിൽ നിറഞ്ഞ കുറ്റിക്കാടുകൾ വെട്ടിമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും കളക്‌ടർ പറഞ്ഞു.


ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർ എം.എ.നസീബ്, ഡി.ടി.പി.സി. സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, ആയിഷാ അബൂബക്കർ, ദിലീപ് കുമാർ, ഡി.ഹരിദാസ്, പി.എം.ഹൃഷിത് ശിവൻ തുടങ്ങിയവർ കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു.


ചെമ്പിരിക്ക ബീച്ചിലും വികസനം വരും


ചെമ്പിരിക്ക ബീച്ചിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.


ശൗചാലയങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, മാലിന്യനിയന്ത്രണ സംവിധാനം, സുരക്ഷാസംവിധാനങ്ങൾ എന്നിവ സജ്ജമാക്കാനാണ് പ്രഥമ പരിഗണന നൽകുക. കുടുംബ സഞ്ചാരികൾക്കും വിദേശ വിനോദസഞ്ചാരികൾക്കും അനുയോജ്യമായ രീതിയിൽ ബീച്ചിനെ വികസിപ്പിക്കുകയാണ് ലക്ഷ്യം.


കോലത്തുനാടിൻ്റെ അതിര് കാത്ത കോട്ട


:ചന്ദ്രഗിരിപ്പുഴ അറബിക്കടലിൽ സംഗമിക്കുന്ന തീരത്ത് സമുദ്രനിരപ്പിൽനിന്ന് 46 മീറ്റർ ഉയരത്തിലാണ് ഏഴ് ഏക്കർ വിസ്തീർണമുള്ള ചന്ദ്രഗിരിക്കോട്ട, ഏറെ ഹൃദ്യമാണ് കോട്ടയിൽനിന്ന് കാണാവുന്ന ദൃശ്യങ്ങൾ. കാസർകോട് നഗരത്തിനു തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ചരിത്രസ്മാരകം കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിൽ മേൽപ്പറമ്പിനും കീഴൂരിനുമടുത്തായാണ് സ്ഥിതി ചെയ്യുന്നത്.


പുരാതനകാലത്ത് കോലത്തുനാടിന്റെയും തുളുനാടിന്റെയും അതിരായിരുന്നു ചന്ദ്രഗിരി പുഴ, കോലത്തുനാടിനു കീഴിലായിരുന്ന ചന്ദ്രഗിരി വിജയനഗര വാഴ്ച്‌ചക്കാലത്ത് അവരുടെ പ്രതാപത്തിനു കീഴിലായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചതോടെ ബേഡന്നൂർ നായ്ക്കന്മാരുടെ കീഴിലായി ചന്ദ്രഗിരി. 17-ാം നൂറ്റാണ്ടിൽ ബേഡന്നൂർ രാജവംശത്തിലെ ശിവപ്പ നായിക്കാണ് ചന്ദ്രഗിരിക്കോട്ടയുടെ നിർമാണത്തിന് നേതൃത്വം കൊടുത്തത്. ഇപ്പോഴിവിടെ കോട്ടയുടെ അവശിഷ്‌ടങ്ങൾ മാത്രമാണുള്ളത്. പയസ്വിനി പുഴ അറബിക്കടലുമായി സംഗമിക്കുന്ന മനോഹരക്കാഴ്ച ഇവിടെ നിന്നാൽ കാണാം.


കോട്ടയ്ക്കടുത്താണ് പുരാതനമായ കീഴൂർ ക്ഷേത്രമുള്ളത്. പീരങ്കിയുണ്ടകൾ പതിഞ്ഞ പാടുകൾ മായാത്ത ചുവരുകളുള്ള കോട്ടയുടെ സംരക്ഷണചുമതല കേന്ദ്ര പുരാവസ്തു വകുപ്പിനായിരുന്നു. കഴിഞ്ഞവർഷം ജൂണോടെയാണ് കോട്ടയുടെ നടത്തിപ്പും പരിപാലനവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കൈമാറാൻ ധാരണയായത്.


നിലവിൽ രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ കോട്ട സന്ദർശകർക്ക് തുറന്നുകൊടുക്കുന്നുണ്ട്. എന്നാൽ ആവശ്യമായ പരിപാലനമില്ലാതെ കാട് പിടിച്ച് കിടക്കുകയാണ്.


സർക്കാരിന് വരുമാനം ലഭിക്കുന്ന നിലയിലേക്ക് കോട്ട ഉപയോഗപ്പെടുത്തണമെന്ന തീരുമാനമനുസരിച്ചാണ് സംസ്ഥാന പുരാവസ്‌തു വകുപ്പ് ടൂറിസം വകുപ്പ് മുഖേന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ധാരണാപത്രം ഉണ്ടാക്കിയത്.


കോട്ടയിൽ വൈകിട്ട് അഞ്ച് കഴിഞ്ഞും സന്ദർശകരെ അനുവദിക്കുക, ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുക, വെളിച്ചം, കഫ്റ്റീരിയ സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയവയ്ക്കൊപ്പം ഭാവിയിൽ ഇവിടെനിന്ന് തളങ്കര, നെല്ലിക്കുന്ന്, കസബ കടപ്പുറം തുടങ്ങിയ ഇടങ്ങളിലേക്ക് റോപ് വേ, ചന്ദ്രഗിരിപ്പുഴയിൽ കയാക്കിങ് ഉൾപ്പടെയുള്ള അഡ്വഞ്ചർ ടൂറിസം വികസനത്തിനും സാധ്യതയുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA