തൃശൂർ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റ ദുരന്തത്തിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 2:30-ഓടെയാണ് വെടിക്കെട്ട് പുരയിൽ ആദ്യ സ്ഫോടനം നടന്നത്. തുടർന്ന് തുടർച്ചയായ പൊട്ടിത്തെറികൾ ഉണ്ടാവുകയും പ്രദേശം മുഴുവൻ കരിമരുന്നിന്റെ പുകയിൽ മുങ്ങുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ നിരവധി വീടുകളുടെ ജനൽചില്ലുകൾ തകരുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനുമായി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള കരിമരുന്നാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരിൽ വെടിക്കെട്ട് ലൈസൻസിയായ സതീഷ് ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്ത് ആറ് ഫയർ യൂണിറ്റുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി തൃശൂർ, പാലക്കാട് ജില്ലകളിലെ മുഴുവൻ ഉദ്യോഗസ്ഥരോടും സംഭവസ്ഥലത്തെത്താൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. തൃശൂർ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും 'മാസ് കാഷ്വാലിറ്റി' സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെയുള്ള സേവനങ്ങളും സ്വകാര്യ ആശുപത്രികളുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ സ്ഥിതിഗതികൾ വിലയിരുത്തുകയും തൃശൂർ ഡിഐജിയോട് ഉടൻ സ്ഥലത്തെത്താൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളത് പ്രദേശത്തെ കടുത്ത ആശങ്കയിലാക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















