കോഴിക്കോട് കാമ്പുറത്തെ വെള്ളരിത്തോട് നവീകരണ പദ്ധതി അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴും, പ്രധാനപ്പെട്ട ഒരു ഭാഗത്ത് പാർശ്വഭിത്തി കെട്ടാത്തത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. മൈനർ ഇറിഗേഷൻ വകുപ്പ് അഞ്ച് കോടി രൂപ ചെലവിൽ നടത്തുന്ന പദ്ധതിയുടെ 95 ശതമാനം പ്രവൃത്തികളും പൂർത്തിയായെങ്കിലും, ബീച്ച് റോഡിൽ നിന്ന് താഴേക്കിറങ്ങുന്ന പത്തു പതിനഞ്ച് മീറ്റർ ഭാഗം ഇപ്പോഴും സംരക്ഷണമില്ലാതെ കിടക്കുകയാണ്.
മാലിന്യവും ചെളിയും നിറഞ്ഞ് ദുർഗന്ധം വമിച്ചിരുന്ന തോട്ടിലെ ചെളി നീക്കം ചെയ്തതോടെ വലിയൊരു ആശ്വാസത്തിലായിരുന്നു തീരദേശവാസികൾ. എന്നാൽ, കടലിലേക്ക് ചേരുന്ന ഈ തോടിന്റെ ഒരു ഭാഗത്ത് മാത്രം ഭിത്തിയും അടിത്തറയും നിർമിക്കാത്തത് വരാനിരിക്കുന്ന മഴക്കാലത്ത് വീടുകളിൽ വെള്ളം കയറാൻ കാരണമാകുമെന്ന് കോന്നാട് സ്നേഹതീരം റസിഡന്റ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. നിലവിൽ തോട്ടിൽ ബണ്ട് കെട്ടി നിർത്തിയിരിക്കുന്നത് ഒഴുക്ക് തടസ്സപ്പെടുത്തുന്നതായും കൊതുകുശല്യം വർധിപ്പിക്കുന്നതായും പരാതിയുണ്ട്.
കുടിവെള്ള പൈപ്പുകളും വാൽവുകളും നിലവിലുള്ളതിനാലാണ് ഈ ഭാഗത്തെ നിർമാണം തടസ്സപ്പെട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. പൈപ്പ് മാറ്റിസ്ഥാപിക്കാതെ പണി നടത്തിയാൽ അത് പൊട്ടി വേനൽക്കാലത്ത് കുടിവെള്ള ക്ഷാമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. കൂടാതെ, നിലവിലെ എസ്റ്റിമേറ്റ് പ്രകാരമുള്ള 200 മീറ്റർ ഭിത്തി നിർമാണം പൂർത്തിയായെന്നും ശേഷിക്കുന്ന ഭാഗം കൂടി ഉൾപ്പെടുത്താൻ കൂടുതൽ ഫണ്ട് ആവശ്യമാണെന്നും മൈനർ ഇറിഗേഷൻ വകുപ്പ് അറിയിച്ചു. എത്രയും വേഗം ഈ സാങ്കേതിക തടസ്സങ്ങൾ നീക്കി നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ നവീകരണത്തിന്റെ ഗുണം പൂർണ്ണമായി ലഭിക്കില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















