പാമ്പുകൾഉണ്ടായിരുന്നത് മരത്തിനോടുചേർന്നുള്ള പൊത്തിൽ
മാനന്തവാടി: ജനവാസകേന്ദ്രത്തിൽനിന്ന് മൂർഖൻപാമ്പുകളെ പിടികൂടി. 25 കുഞ്ഞുങ്ങളുൾപ്പെടെ 26 പാമ്പുകളാണ് ഉണ്ടായിരുന്നത്. പയ്യമ്പള്ളി പടമല മണിയില ബിജീഷിന്റെ വീടിനുസമീപത്തുനിന്നാണ് ഞായറാഴ്ച പാമ്പുകളെ പിടികൂടിയത്.
വീട്ടുപറമ്പിലെ തേക്കുമരത്തിനോടു ചേർന്നുള്ള പൊത്തിലായിരുന്നു പാമ്പുകൾ. റോഡിലൂടെ സഞ്ചരിക്കുകയായിരുന്നവർ പൊത്തിൽനിന്ന് തല വെളിയിലിട്ടിരിക്കുന്ന മൂർഖനെ കണ്ടതോടെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ നോർത്ത് വയനാട് വനം ഡിവിഷന്റെ അംഗീകൃത പാമ്പുപിടിത്തക്കാരനായ വി.പി. സുജിത്ത് സ്ഥലത്തെത്തി.
മാളം പൊളിച്ചുനോക്കിയെങ്കിലും ആദ്യം പാമ്പുകളെ കണ്ടെത്താനായില്ല. മാളത്തിലേക്ക് വെള്ളം നിറച്ചപ്പോഴാണ് ഒന്നിനുപിറകേ ഒന്നായി പാമ്പുകൾ വെളിയിലെത്തിയത്.
ശേഷം, പാമ്പുകളെ സുരക്ഷിതമായി പ്ലാസ്റ്റിക് ബോട്ടിലിലേക്ക് മാറ്റി വനപാലകർക്ക് കൈമാറി. ഇവയെ പിന്നീട് തൃശ്ശിലേരി ഫോറസ്റ്റ് സെക്‌ഷൻ വനപാലകർ സുരക്ഷിതമായി ഉൾവനത്തിലേക്ക് വിട്ടു. ഞായറാഴ്‌ച ക്ലബ്ബുകുന്നിലെ വീട്ടിലെ അടുക്കളയിൽനിന്ന് സുജിത്ത് മൂർഖൻപാമ്പിനെ പിടികൂടിയിരുന്നു.
വിഷപ്പാമ്പുകളുടെ പ്രജനനകാലം
വിഷപ്പാമ്പുകളുടെ പ്രജനനകാലമാണെന്നും ജാഗ്രത വേണമെന്നും വി.പി. സുജിത്ത് പറഞ്ഞു. വെള്ളിക്കെട്ടൻ, മൂർഖൻ, അണലി എന്നിവയുടെ പ്രജനനകാലമാണിത്. ജനവാസമേഖലകളിൽ ഭക്ഷണാവശിഷ്ടങ്ങൾ ധാരാളമായി കിട്ടുമെന്നതിനാൽ അതിനനുസരിച്ച് എലികളുണ്ടാവുകയും അവയൊക്കെ ധാരാളം മാളങ്ങൾ ഉണ്ടാക്കിവെക്കുകയും ചെയ്യും. ഇത്തരം മാളങ്ങളിലും ചിതൽപ്പുറ്റുകളിലും കൽക്കെട്ടുകളിലുമൊക്കെയാണ് പാമ്പുകൾ വസിക്കുന്നതും പ്രജനനം നടത്തുന്നതും. ജനിക്കുമ്പോൾത്തന്നെ കൊടുംവിഷവുമായിറങ്ങുന്ന പാമ്പിൻകുഞ്ഞുങ്ങൾ ഇരയെന്ന് തെറ്റിദ്ധരിച്ചും പേടികൊണ്ടും സമീപത്തുകാണുന്ന ചലിക്കുന്ന വസ്തുവിൽ കടിച്ചേക്കാനിടയുണ്ടെന്ന് പാമ്പുപിടിത്ത വിദഗ്ധനായ സുജിത്ത് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















