വാല്‍പാറ: ഒൻപത് പേരുടെ ജീവനെടുത്ത വാൽപാറ വാഹനാപകടത്തിന് കാരണം ടൂറിസ്റ്റ് ട്രാവലറിന്റെ ബ്രേക്കിനുണ്ടായ തകരാറാണെന്ന് തമിഴ്‌നാട് പോലീസിന്റെ പ്രാഥമിക നിഗമനം. ചുരത്തിലെ തുടർച്ചയായ 27 വളവുകൾ ഇറങ്ങിയതോടെ വാഹനത്തിന്റെ ബ്രേക്ക് സംവിധാനം അമിതമായി ചൂടായി തകരാറിലായതാകാമെന്നാണ് കരുതുന്നത്. പതിമൂന്നാം വളവിൽ വെച്ചായിരുന്നു വിനോദസഞ്ചാര സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.
റോഡരികിൽ ശക്തമായ സംരക്ഷണഭിത്തി ഇല്ലാതിരുന്നതും അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ചെറിയൊരു കൽഭിത്തി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കോൺക്രീറ്റ് തൂണിലിടിക്കുകയും തുടർന്ന് കൽഭിത്തി തകർത്ത് 800 അടി താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. പാറയിടുക്കിലൂടെ അഞ്ച് തവണയോളം വാഹനം മറിഞ്ഞതായാണ് വിവരം. വാഹനം പൂർണ്ണമായും തകർന്നു.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടത്. പ്രധാനാധ്യാപിക അജിത, അധ്യാപകരായ റംല, സുഹറ, ആശ, മജീദ്, മജീദിന്റെ ഭാര്യ റുഖിയ, പാചകത്തൊഴിലാളി സാജിത, പാങ്ങ് ജി.യു.പി സ്‌കൂളിലെ അധ്യാപിക ഷക്കീന എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹറയുടെ മകൻ ഹിഷാം ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















