പയ്യന്നൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട്ടിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പരിശോധന നടത്തി. മംഗളുരു മുതൽ കണ്ണൂർ വരെയുള്ള സ്റ്റേഷനുകളുടെയും പാളങ്ങളുടെയും പരിശോധനയുടെ ഭാഗമായാണ് സംഘം പയ്യന്നൂരിലെത്തിയത്. സ്റ്റേഷനിലെ നവീകരിച്ച വിശ്രമമുറി, ശൗചാലയങ്ങൾ, പ്ലാറ്റ്‌ഫോം, പ്രവേശന കവാടം എന്നിവ ഡി.ആർ.എമ്മും സംഘവും നേരിട്ട് വിലയിരുത്തി. എ.ഡി.ആർ.എം. എസ്.ജയകൃഷ്‌ണൻ, സീനിയർ ഡി.സി.എം. അരുൺ തോമസ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
സ്റ്റേഷനിലെ അമൃത് ഭാരത് പദ്ധതി പ്രവൃത്തികൾ ഒരു മാസത്തിനകം പൂർത്തിയാക്കാൻ ഡി.ആർ.എം. മധുകർ റോട്ട് ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കർശന നിർദേശം നൽകി. ലിഫ്റ്റുകൾ ഒഴികെയുള്ള ബാക്കി മുഴുവൻ പ്രവൃത്തികളും ഈ സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് എ.ഡി.ആർ.എം. അറിയിച്ചു. നിലവിൽ മൂന്ന് ലിഫ്റ്റുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. മേൽനടപ്പാതയുടെ പ്രവൃത്തികളാണ് ഇനി പ്രധാനമായും പൂർത്തിയാകാനുള്ളത്. സ്റ്റേഷൻ നവീകരണത്തിലെ മെല്ലെപ്പോക്കിനെതിരെ വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഉന്നതതല സംഘത്തിന്റെ ഈ ഇടപെടൽ.
2023 ഓഗസ്റ്റിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അമൃത് ഭാരത് പദ്ധതിയിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട ആറ് സ്റ്റേഷനുകളിൽ ഒന്നാണ് പയ്യന്നൂർ. കിറ്റ്കോ തയ്യാറാക്കിയ രൂപരേഖ പ്രകാരം 31.40 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. എസ്‌കലേറ്റർ, ലിഫ്റ്റുകൾ, പാർക്കിംഗ് സൗകര്യം, പ്ലാറ്റ്‌ഫോം വിപുലീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ്. തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരടക്കം ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനായിട്ടും 2026 ആയിട്ടും പണികൾ പൂർത്തിയാകാത്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പുതിയ നിർദേശത്തോടെ സ്റ്റേഷൻ വികസനം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















