ശ്രീകണ്ഠപുരം: വേനൽ കടുത്തതോടെ മലയോര മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും, കോടികൾ ചെലവിട്ട് നിർമിച്ച മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജിലെ (ആർ.സി.ബി.) വെള്ളം പ്രയോജനപ്പെടുത്താൻ പദ്ധതിയില്ല. റെഗുലേറ്ററിലെ ഷട്ടറുകൾ അടച്ചതോടെ പുഴയിൽ ജലനിരപ്പ് ഉയർന്നെങ്കിലും, ഇത് ശുദ്ധീകരിച്ച് വിതരണം ചെയ്യാനുള്ള സംവിധാനം ഇല്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.
കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ള വിതരണത്തിനുമായി 2004-ൽ നിർമാണം ആരംഭിച്ച് 2012-ൽ കമ്മീഷൻ ചെയ്തതാണ് മടമ്പം പദ്ധതി. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് 12 വർഷം പിന്നിട്ടിട്ടും രണ്ടാം ഘട്ടമായ ശുദ്ധജല വിതരണ പദ്ധതി കടലാസിലൊതുങ്ങി. ഷട്ടറുകൾ താഴ്ത്തുമ്പോൾ പയ്യാവൂർ പാറക്കടവ് വരെ വെള്ളം ഉയരുമെങ്കിലും പമ്പ് ചെയ്യാനോ സംഭരിക്കാനോ സംവിധാനമില്ല.
ശ്രീകണ്ഠപുരം നഗരസഭയിലെ ജലക്ഷാമം പരിഹരിക്കാനായി വിഭാവനം ചെയ്ത നിടിയേങ്ങ ശുദ്ധജല പദ്ധതിയും പ്രഖ്യാപനത്തിലൊതുങ്ങി. നിലവിൽ പെരുവളത്തുപറമ്പിലെ ടാങ്കിൽ നിന്ന് ലോറികളിൽ എത്തിക്കുന്ന വെള്ളത്തെയാണ് നഗരസഭ ആശ്രയിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ നാല് സ്ഥലങ്ങളിൽ ടാങ്കുകൾ നിർമിച്ച് പൈപ്പ് വഴി വെള്ളമെത്തിക്കാൻ തീരുമാനിക്കുകയും ഇതിനായി സ്ഥലം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല.
ശുദ്ധജല പദ്ധതിക്ക് പുറമെ, മൂന്നാം ഘട്ടമായി വിഭാവനം ചെയ്ത ടൂറിസം പദ്ധതികളും പാതിവഴിയിലാണ്. വർഷത്തിൽ പകുതിയിലേറെ സമയവും വെള്ളം നിറഞ്ഞുനിൽക്കുന്ന ഇവിടെ ബോട്ടിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. കുടിവെള്ള പദ്ധതി ഉടൻ യാഥാർഥ്യമാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ മലയോര മേഖലയിലെ ജലക്ഷാമം അതീവ ഗുരുതരമാകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















