കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. ഭക്ഷണാവശ്യങ്ങൾക്കുള്ള പച്ചക്കറികളും ഐസും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായും മാലിന്യമിടാൻ നിശ്ചയിച്ചിട്ടുള്ള ചവറ്റുകുട്ടകൾ ഉപയോഗിക്കാതെ കടകൾക്ക് പിന്നിൽ വെറുതെ സൂക്ഷിച്ചിരിക്കുന്നതായും പരിശോധനയിൽ തെളിഞ്ഞു. നടപ്പാതകൾ കൈയേറി സാധനങ്ങൾ നിരത്തിവെച്ചതും പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ കോളിഫ്ളവർ ഉൾപ്പെടെയുള്ള സാധനങ്ങൾ പിടിച്ചെടുത്തതിൻ്റെ തുടർച്ചയായാണ് രണ്ടാം ദിവസവും നടപടികൾ സ്വീകരിച്ചത്.
വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട കോളിഫ്ളവർ, പ്രവർത്തനരഹിതമായ ഫ്രിഡ്ജ്, അതിനുള്ളിൽ സൂക്ഷിച്ചിരുന്ന പഴങ്ങൾ തുടങ്ങിയവ അധികൃതർ സ്ഥലത്തുനിന്നും നീക്കം ചെയ്തു. ഫുഡ് സ്ട്രീറ്റിൽ ഭക്ഷണം പാചകം ചെയ്യാൻ അനുമതിയില്ലെങ്കിലും പല കച്ചവടക്കാരും ഈ നിയമം പരസ്യമായി ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിയമലംഘനം തുടരുന്ന കച്ചവടക്കാരുടെ ലൈസൻസ് റദ്ദാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി. പിടിച്ചെടുത്ത സാധനങ്ങൾ പിഴയടച്ചാൽ മാത്രമേ തിരികെ നൽകുകയുള്ളൂവെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
അവധിക്കാലമായതിനാൽ ബീച്ചിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ സന്ദർശകർ ഭക്ഷണാവശിഷ്ടങ്ങൾ നിശ്ചിത ചവറ്റുകുട്ടകളിൽ നിക്ഷേപിക്കാതെ ഇരിപ്പിടങ്ങളിലും വഴികളിലും ഉപേക്ഷിക്കുന്നത് ശുചിത്വത്തെ ദോഷകരമായി ബാധിക്കുന്നു. കച്ചവടക്കാർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നില്ലെന്ന പരാതിയും ശക്തമാണ്. വരും ദിവസങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന സന്ദർശകരിൽ നിന്നും നിയമം ലംഘിക്കുന്ന കച്ചവടക്കാരിൽ നിന്നും പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് നഗരസഭയുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















