ചിക്കമഗലൂരുവിൽ വിനോദയാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് മരിച്ച പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ കുടുംബം രംഗത്തെത്തി. ശ്രീനന്ദയുടെ അവസാന വിഡിയോ എന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വസ്‌തുതാവിരുദ്ധമാണെന്നും കൂടെയുണ്ടായിരുന്ന സുഹൃത്തിന് മരണത്തിൽ യാതൊരു പങ്കുമില്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. ശ്രീനന്ദയുടെ വല്യച്ഛന്റെ മകൾ അഡ്വ. മിനു ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സൈബർ വിചാരണയ്ക്കെതിരെ രൂക്ഷമായ പ്രതികരണം നടത്തിയത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ ശ്രീനന്ദയെ കാണാതാകുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുൻപ് എടുത്തതാണെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. വൈകിട്ട് 3 മണിയോടെയാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. എന്നാൽ 5:20 വരെ ശ്രീനന്ദ യാത്രാസംഘത്തോടൊപ്പം ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. കാണാതാകുന്നതിന് തൊട്ടുമുൻപ് എടുത്ത ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് കുടുംബം പ്രചാരണങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടിയത്.
ശ്രീനന്ദയ്‌ക്കൊപ്പം വിഡിയോയിലുള്ള പെൺകുട്ടിയെ സംശയിക്കണമെന്നും ചോദ്യം ചെയ്യണമെന്നുമുള്ള രീതിയിലുള്ള കമന്റുകൾ ആ കുടുംബത്തെ തളർത്തുന്നതാണ്. ആ പെൺകുട്ടിയും തങ്ങളുടെ അനിയത്തിയെപ്പോലെയാണെന്നും അവൾക്ക് ഇനിയും ഈ സമൂഹത്തിൽ ജീവിക്കേണ്ടതുണ്ടെന്നും മിനു കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു. അപകടത്തിൽപ്പെട്ട സുഹൃത്തിനെ അനാവശ്യമായി ക്രൂശിക്കുന്നത് നിർത്തണമെന്നും വസ്‌തുതകൾ മനസ്സിലാക്കി മാത്രം പ്രതികരിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദ കുടുംബത്തോടൊപ്പം ബാബ ബുധൻഗിരി സന്ദർശിക്കുന്നതിനിടെയാണ് ബാരിക്കേഡിന് പുറത്തേക്ക് കാൽ തെറ്റി വീണത്. നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. വലിയൊരു തീരാനഷ്ടത്തിലൂടെ കടന്നുപോകുന്ന തങ്ങളെ ഇത്തരം വ്യാജവാർത്തകൾ നൽകി കൂടുതൽ വേദനിപ്പിക്കരുതെന്ന് കുടുംബം മാധ്യമങ്ങളോടും പൊതുജനങ്ങളോടും ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















