പേരാമ്പ്ര നഗരമധ്യത്തിൽ കുറ്റ്യാടി ജലസേചന പദ്ധതിയുടെ എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസിനു സമീപമുള്ള ക്വാർട്ടേഴ്‌സുകൾ പൂർണ്ണമായും തകർന്ന് കാടുമൂടിയ അവസ്ഥയിൽ. 1960-കളിൽ പദ്ധതിയുടെ തുടക്കകാലത്ത് ഉദ്യോഗസ്ഥർക്കായി നിർമിച്ച 42 ക്വാർട്ടേഴ്‌സുകളാണ് ഇന്ന് സാമൂഹികവിരുദ്ധരുടെ താവളമായും കൊതുകുജന്യ രോഗങ്ങളുടെ കേന്ദ്രമായും മാറിയിരിക്കുന്നത്. വർഷങ്ങളായി ആളനക്കമില്ലാത്ത ഈ കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും മേൽക്കൂരയും ഇതിനകം നശിച്ചുകഴിഞ്ഞു. ഏതാനും കെട്ടിടങ്ങൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്.
ആദ്യകാലത്ത് താമസസൗകര്യങ്ങളുടെ കുറവ് പരിഹരിക്കാനാണ് പദ്ധതിയുടെ മൂന്ന് സബ് ഡിവിഷനുകൾക്ക് കീഴിലായി ഏഴിടങ്ങളിൽ ക്വാർട്ടേഴ്‌സുകൾ നിർമിച്ചത്. എന്നാൽ പിൽക്കാലത്ത് നഗരത്തിൽ താമസസൗകര്യങ്ങൾ വർധിച്ചതോടെ ആരും ഇവിടേക്ക് വരാതെയായി. നിലവിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് വാസയോഗ്യമായിട്ടുള്ളത്. ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ പോലും ഫണ്ടില്ലാത്തതാണ് നിലവിലെ പ്രധാന പ്രതിസന്ധി.
ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന 60 സെന്റ് സ്ഥലം ലീസിനെടുത്ത് കെ.എസ്.എഫ്.ഡി.സി.യുടെ മൾട്ടിപ്ലക്സ് തിയേറ്റർ സമുച്ചയം നിർമിക്കാൻ ഏഴുവർഷം മുൻപ് പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ഉദ്ഘാടന കർമ്മങ്ങൾ വരെ നടന്നതാണെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം നിർമാണം വഴിമുട്ടി നിൽക്കുകയാണ്.
നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ വിലപ്പെട്ട ഭൂമി വെറുതെ കളയുന്നതിനു പകരം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. മൾട്ടിപ്ലക്സിനൊപ്പം ഒരു പാർക്കുകൂടി നിർമിക്കുകയാണെങ്കിൽ നഗരത്തിലെത്തുന്നവർക്ക് അത് വലിയൊരു വിശ്രമകേന്ദ്രമാകും. ജലസേചന വകുപ്പ് നേരിട്ട് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയാൽ വകുപ്പിന് വലിയൊരു വരുമാനമാർഗ്ഗമായി ഇത് മാറും. നിലവിൽ കാടുപിടിച്ചു കിടക്കുന്ന ഈ പ്രദേശം ശുചീകരിച്ച് നാടിന് പ്രയോജനപ്പെടുത്താൻ അധികൃതർ ഉടനടി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















