തൃപ്പൂണിത്തുറ: വിഷുത്തലേന്നായ ചൊവ്വാഴ്ച വിഷുവിപണിത്തിരക്കിൽ തൃപ്പൂണിത്തുറ വീർപ്പുമുട്ടി. വിഷുക്കണിക്കായുള്ള സാധനങ്ങളും വിഷുസദ്യയ്ക്കായി പച്ചക്കറികളും മറ്റുമായി നാടാകെ ജനസഞ്ചയം.
തൃപ്പൂണിത്തുറ-സ്റ്റാച്യു-പൂർണത്രയീശക്ഷേത്രം റോഡ്, ലായം റോഡ്, ബസ് സ്റ്റാൻഡ് റോഡ്, സ്റ്റാച്യു-കിഴക്കേക്കോട്ട റോഡ് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും വിഷുക്കച്ചവടം പൊടിപൊടിച്ചത്. കണിക്കൊന്നപ്പൂവിൻ്റെ വിലകേട്ട് ആളുകൾ ഞെട്ടി എന്നുതന്നെ പറയാം. ഏതാനും പൂക്കൾ മാത്രമായി ഒരു പായ്ക്കറ്റിന് ഈടാക്കിയത് നൂറുരൂപ. ഈ വില കൊടുത്തും ആളുകൾ കൊന്നപ്പൂവ് വാങ്ങി. കണിക്കൊന്നയില്ലാതെ വിഷുക്കണിയില്ല എന്നതുകൊണ്ടാണിത്.
തൃപ്പൂണിത്തുറ സ്റ്റാച്യു-പൂർണത്രയീശക്ഷേത്രം റോഡരികിലെ പൂക്കടയിലാണ് കൊന്നപ്പൂവിന് ഈ വില ഈടാക്കിയത്. സ്റ്റാച്യുഭാഗത്തും മറ്റും രാവിലെ ഒരുപിടി കൊന്നപ്പൂവിന് അൻപതുരൂപയായിരുന്നു വില. വൈകീട്ടായതോടെ ഇത് തീർന്നു. വൈകീട്ടാണ് പൂക്കടയിൽ നൂറുരൂപയ്ക്ക് കൊന്നപ്പൂവ് വിറ്റത്. രാത്രിയായതോടെ കൊന്നപ്പൂവിനായി ഇവിടെ ആളുകൾ തിക്കിത്തിരക്കി.
കൂത്തമ്പലത്തിൽ ഉൾപ്പെടെ ശ്രീകൃഷ്‌ണവിഗ്രഹങ്ങൾ വാങ്ങാനും തിരക്കേറി, വിഷുവിന് ദിവസങ്ങൾക്കുമുന്നേ തന്നെ ഇതരസംസ്ഥാനങ്ങളിൽനിന്നുവരെ വലുതും ചെറുതുമായി വലിയതോതിലാണ് ശ്രീകൃഷ്‌ണവിഗ്രഹങ്ങൾ നഗരിയിൽ എത്തിച്ചത്.
കണിവെള്ളരിക്കും വലിയ വിലയായിരുന്നു. തൃപ്പൂണിത്തുറ സ്റ്റാച്യുകവലയിൽ കൂട്ടിയിട്ടായിരുന്നു കണിവെള്ളരി വിൽപ്പന. ഒരു വെള്ളരിക്ക് 70 രൂപ വരെയായിരുന്നു. ഒന്നും നോക്കാതെ ആളുകൾ അത് വാങ്ങിക്കൊണ്ടു പോകുകയായിരുന്നു. വിഷുക്കണിക്ക് ഫലവർഗങ്ങളും പ്രധാനമാണ്, ചക്ക, മാങ്ങ, മുന്തിരി തുടങ്ങിയവയൊക്കെ കണിയായിവയ്ക്കണം. മാമ്പഴക്കാലമാണെങ്കിലും വിഷു വിപണിയിൽ മാമ്പഴത്തിനും നല്ല വിലയായിരുന്നു. വരിക്കച്ചക്ക തൂക്കിയായിരുന്നു വിൽപ്പന. സ്റ്റാച്യു, പൂർണത്രയീശക്ഷേത്രം റോഡ് ഭാഗങ്ങളിൽ 350 രൂപ മുതലായിരുന്നു ചക്ക വിറ്റത്.
സദ്യയ്ക്കായുള്ള പച്ചക്കറികൾക്കും തീവിലയായിരുന്നു. വായിൽതോന്നും പോലെയായിരുന്നു കച്ചവടക്കാർ പച്ചക്കറിക്ക് വില ഈടാക്കിയത്. ഇക്കുറി പടക്കക്കച്ചവടവും പൊടിപൊടിച്ചു. മാർക്കറ്റ് റോഡ്, പുതിയകാവ് ഭാഗങ്ങളിലൊക്കെ പടക്കക്കച്ചവടം തകൃതിയായി നടന്നു. സദ്യ ഉണ്ണാൻ വാഴയിലവേണം. ഫ്ലാറ്റുകൾ തിങ്ങിയിരിക്കുന്ന നഗരപ്രദേശങ്ങളിൽ വാഴതന്നെ അപൂർവം. ഒരു വാഴയിലയ്ക്ക് പത്തുരൂപ നിരക്കിലാണ് വിഷുവിപണിയിൽ വിൽപ്പന നടന്നത്.
വസ്ത്രശാലകളിൽ കോടിമുണ്ട് വാങ്ങാനും തിരക്കായിരുന്നു. കാറ്ററിങ് സ്ഥാപനങ്ങളിൽ സദ്യ ബുക്ക് ചെയ്‌തിട്ടുള്ളവരും ഏറെയാണ്. പായസമേളകളും പലയിടങ്ങളിലായി വിഷുദിനത്തിൽ ഉണ്ട്. സാധനങ്ങൾക്കെല്ലാം വില ഏറിയെങ്കിലും ആഘോഷത്തിനായുള്ളവയൊക്കെ വാങ്ങിയാണ് ആളുകൾ നിരത്തിൽനിന്നും നീങ്ങിയത്. തൃപ്പൂണിത്തുറ ചൂരക്കാട് ഭാഗത്തുൾപ്പെടെ സർക്കാരിന്റെ വിദേശമദ്യ വിൽപ്പന ഷോപ്പുകളിലും ആളുകളുടെ നീണ്ടനിര കണ്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















