പച്ചപിടിക്കണം, ഗ്രീൻ ടൂറിസം സർക്കിറ്റ് -4
പാലാ : പാലാ കേന്ദ്രമാക്കി പ്രഖ്യാപിച്ച ഗ്രീൻ ടൂറിസം പദ്ധതിയിൽ നിരവധി ചെറുകിട വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ജില്ലയുടെ മലയോര മേഖലയിലുള്ള ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി, അയ്യമ്പാറ തുടങ്ങിയവും പ്രധാനകേന്ദ്രമായ വാഗമണ്ണും പദ്ധതിയിൽ ഉൾപ്പെടുന്നു. ഈ കേന്ദ്രങ്ങളിലെല്ലാം ഇനിയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. മീനച്ചിൽ താലൂക്കിലെ ആത്മീയ കേന്ദ്രങ്ങളിലത്തുന്ന തീർഥാടകരെ കിഴക്കൻ മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ മനോഹരിതയിലേക്കെത്തിക്കുവാൻ കൂടി ഗ്രീൻ ടൂറിസം സർക്കിറ്റ് പദ്ധതി വിഭാവനം ചെയ്‌തിരുന്നു. ഇവയെല്ലാം കോർത്തിണക്കുന്നതിനാണ് പാലായിലെ കേന്ദ്രം സജ്ജമാക്കിയത്.
ഇലവീഴാപുഞ്ചിറ
ജില്ലയുടെ കിഴക്കൻ മലയോരത്തെ പ്രധാന സഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ, സൂര്യോദയവും സൂര്യാസ്തമയവും വീക്ഷിക്കാൻ പറ്റിയ ഇടം കൂടിയാണ്. മൂന്നു ജില്ലകളുടെ പ്രകൃതിദൃശ്യങ്ങൾ ഇവിടെ നിന്നാൽ സഞ്ചാരിക്ക് ആസ്വദിക്കാൻ പറ്റും. ഇലവീഴാപൂഞ്ചിറയിൽ വാഹനങ്ങളുടെ തിരക്ക് അനിയന്ത്രിതമാണ്. ഓരോ അവധിദിവസങ്ങളിലും ആയിരക്കണക്കിനാളുകളാണ് പൂഞ്ചിറ കാണുവാനെത്തുന്നത്. അവധിദിനങ്ങളിൽ പൂഞ്ചിറ റോഡിലെ ഗതാഗതം മണിക്കൂറുകളോളം പൂർണമായും സ്തംഭിക്കാറുണ്ട്. ഇവിടേയ്ക്കെത്തുന്നവർ റോഡിൻ്റെ ഇരുവശങ്ങളിലുമായാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. വാഹനങ്ങൾ നിറയുന്നതോടെ ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്.
പാലായിൽനിന്നുള്ള ദൂരം-29.6 കിലോമീറ്റർ
മഞ്ഞിൽപ്പൊതിഞ്ഞ മലനിരകളും എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റും നൂൽമഴയും എല്ലാം മറന്ന് പ്രകൃതിയോട് ലയിക്കാൻ സാധിക്കുന്നയിടമാണ് ഇല്ലിക്കൽ കല്ല്. സമുദ്രനിരപ്പിൽനിന്ന് 4000-അടിയിലേറെ മുകളിലാണ് ഇല്ലിക്കൽകല്ല് പ്രദേശം. തലനാട്, മൂന്നിലവ് പഞ്ചായത്തുകളിൽ സ്ഥിതിചെയ്യുന്ന ഇല്ലിക്കൽകല്ലിൽ അപകടങ്ങൾ തുടർക്കഥയായതോടെ കല്ലിന് മുകളിലേക്ക് കയറാതെ മുള്ളുവേലികളും സൂചനാ ബോർഡുകളും സ്ഥാപിച്ചു. അവധിദിവസങ്ങളിൽ രണ്ടായിരത്തിലധികം സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
പാലായിൽനിന്നുള്ള ദൂരം-30 കിലോമീറ്റർ
മാർമല അരുവി
മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മാർമല അരുവി. അരുവിയുടെ ഭാഗമായ 40 അടി ഉയരത്തിൽനിന്നും താഴേക്ക് വെള്ളച്ചാട്ടം വിസ്‌മയകരമാണ്. മഴക്കാലത്ത് അപകട സാധ്യതയേറയുള്ള കേന്ദ്രമാണ് മാർമല അരുവി, അരുവിയുടെ മുകൾഭാഗത്ത് മഴപെയ്‌താൽ അരുവിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും അപകടങ്ങൾ സംഭവിക്കുകയും ചെയ്യാം.
പാലായിൽനിന്നുള്ള ദൂരം-24 കിലോമീറ്റർ
തലനാട് അയ്യമ്പാറ
പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ അയ്യമ്പാറ പ്രകൃതിയുടെ ദൃശ്യവിസ്‌മയമൊരുക്കുന്ന കാഴ്‌ചയുള്ളിടമാണ്. വിശാലമായ പാറയാണ് അയ്യമ്പാറയുടെ സവിശേഷത. നാൽപതേക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഇവിടം വൈകുന്നേരങ്ങളിൽ നടന്ന് സമയം ചെലവഴിക്കുകയാണ് വിനോദസഞ്ചാരികൾ.
താഴ്വാരങ്ങളിൽ ഗ്രാമങ്ങളും ചെറു വീടുകളുമൊക്കെ അവ്യക്തമായി കാണാം. കണ്ണെത്താ ദൂരത്തോളം പച്ചവിരിച്ചുകിടക്കുന്ന മലമടക്കുകൾക്കിടയിൽ തെളിയുന്ന ഈരാറ്റുപേട്ടയുടെ വിദൂര കാഴ്ചയും പ്രസിദ്ധമായ ഇല്ലിക്കൽകല്ലും ഇവിടെ നിന്നാൽ ദൃശ്യമാണ്. നാലുമണിയ്ക്ക് ശേഷം ഇവിടെ വീശുന്ന ചെറിയ തണുപ്പോടെയുള്ള കാറ്റ് ആകർഷകമാണ്.
പാലായിൽനിന്നുള്ള ദൂരം-22.5 കിലോമീറ്റർ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















