അടുത്തറിയാം അഷ്‌ടമുടി... വെറും 25 രൂപയ്ക്ക്

അടുത്തറിയാം അഷ്‌ടമുടി... വെറും 25 രൂപയ്ക്ക്
അടുത്തറിയാം അഷ്‌ടമുടി... വെറും 25 രൂപയ്ക്ക്
Share  
2026 Apr 15, 09:50 AM
SAMUDRA
NISH
KWICOS
yoga
Solar

കൊല്ലം: അഷ്ടമുടിക്കായലിന് നടുവിൽ, കായലോളങ്ങളെ പുൽകി ബോട്ടിലിരുന്നൊരു സൂര്യാസ്‌തമയം കണ്ടാലോ... അതും കുറഞ്ഞചെലവിൽ..? എങ്കിൽ അഷ്‌ടമുടി വള്ളക്കടവ് ബോട്ടുജെട്ടിയിൽനിന്ന് വൈകീട്ട് 5.50-ന് പുറപ്പെടുന്ന അഷ്ടമുടി-കൊല്ലം യാത്രാബോട്ടിൽ പോകാം.


അഷ്ടമുടിയുടെ ഓളപ്പരപ്പിൽ മീനുകൾ ഉയർന്നുചാടി നൃത്തംചെയ്യുന്നതും ചീനവല വലിക്കുന്ന നാട്ടുകാരെയും ചെറുവള്ളങ്ങളിൽ കറങ്ങി മീൻപിടിക്കുന്നവരെയും കായലിൽ മുങ്ങി കക്കവാരുന്നവരെയും കാണാം. കരയിലെത്താൻ വള്ളങ്ങളെയും ബോട്ടുകളെയും ആശ്രയിക്കുന്ന പെരിങ്ങാലം ദ്വീപ് എത്തുമ്പോഴേക്കും സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്കുള്ള യാത്രയിലായിരിക്കും, പിന്നെ നമുക്കൊപ്പം കുറച്ചുനേരം യാത്രചെയ്‌ത് വിശ്രമത്തിനായി ചേക്കേറും. കടവുകൾതാണ്ടി, കാഴ്ച്‌ചകൾ കണ്ട് 2.15 മണിക്കൂർ യാത്രയ്ക്ക് ഒരാൾക്ക് ടിക്കറ്റ് ചാർജ് 25 രൂപമാത്രം.


കൊല്ലത്തെ കോയിവിള, പെരിങ്ങാലം, പട്ടംതുരുത്ത്, അഷ്ടമുടി, പേഴുംതുരുത്ത് പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ ജലഗതാഗതവകുപ്പ് നടത്തുന്ന യാത്രാ ബോട്ട് സർവീസാണിത്. കുറഞ്ഞ യാത്രാനിരക്ക് ആറുരൂപ. 125 പേർക്കുവരെ ഒരേസമയം യാത്രചെയ്യാം, കായൽക്കാറ്റേറ്റ് അസ്തമയം കാണാൻ ഇത്രയും കുറഞ്ഞചെലവിൽ മറ്റൊരു യാത്ര ഇല്ല. അഷ്ടമുടിയിൽനിന്ന് കോയിവിള ബോട്ടുജെട്ടിയിൽ പോകണമെങ്കിൽ സ്വകാര്യ ബോട്ടുകളിൽ ഒരാൾക്ക് 150 രൂപവരെ നൽകണം. അവിടെയാണ് 12 രൂപയ്ക്കുള്ള ഈ സർവീസിൻ്റെ പ്രത്യേകത.


ഈ സർവീസിനെക്കുറിച്ചറിഞ്ഞ് മറ്റു ജില്ലകളിൽനിന്നുവരെ ഒട്ടേറെപ്പേർ യാത്ര ആസ്വദിക്കാനെത്തുന്നുണ്ട്. വൈകീട്ട് അഷ്ടമുടിയിൽനിന്ന് കൊല്ലത്തേക്കുള്ള യാത്രയിലാണ് പ്രദേശവാസികളല്ലാത്ത യാത്രക്കാർ കൂടുതലായി എത്തുന്നത്. ആൾത്താമസമുള്ളതും ഇല്ലാത്തതുമായ ചെറുദ്വീപുകൾ, അഷ്ട്‌ടമുടിയുടെ മുടിക്കെട്ടുകൾ, ഓളത്തിന് മുകളിലെത്തുന്ന ചെറുമീനുകളെ പിടികൂടാൻ പറന്നെത്തുന്ന നീർകാക്കകൾ, ഊഴംകാത്ത് ബോട്ടിന് മുകളിലിരിക്കുന്ന കൊറ്റികൾ... കാഴ്‌ചകൾ അവസാനിക്കുന്നില്ല.


കൊല്ലത്തുനിന്ന് അഷ്‌ടമുടിയിലേക്ക് സ്വകാര്യ ബസ് സർവീസുണ്ട്. കൊല്ലത്തുനിന്നുള്ള അവസാന സ്വകാര്യ ബസ് ഇവിടെ എത്തുന്നത് 5.50-നാണ്. ബസ് അല്പം വൈകിയാലും ബോട്ട് യാത്രക്കാർക്കായി കാത്തുനിൽക്കും. അഷ്ടമുടിക്കായലിലെ വിമനാദസഞ്ചാരകേന്ദ്രമായ സാമ്പ്രാണിക്കോടിയിൽ ഇറങ്ങാനുണ്ടെങ്കിൽ അവിടെയും ഇറങ്ങാം. വെള്ളത്താൽ ചുറ്റപ്പെട്ട മൺറോത്തുരുത്തിലെ ബോട്ടുജെട്ടികളിലും ഈ ബോട്ട് അടുപ്പിക്കും. ഇവിടങ്ങളിൽ ഇറങ്ങിയാൽ തിരികെപ്പോരാൻ മറ്റ് ബോട്ടുകളെ ആശ്രയിക്കേണ്ടിവരും. സർവീസ് ബോട്ടായതുകൊണ്ടുതന്നെ അധികസമയം ഒരു ജെട്ടിയിലും നിർത്തിയിടില്ല.


പ്രശസ്തമായ അഷ്‌ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിനോട് ചേർന്നുള്ള ബോട്ടുജെട്ടിവരെ യാത്രക്കാരുണ്ടാകും. പിന്നെയുള്ള യാത്ര കാഴ്‌ചകൾ കാണാൻവരുന്നവരും ജീവനക്കാരും മാത്രം, യാത്രയ്ക്കിടയിൽ ഓരോ സ്ഥലവും ദ്വീപും കാട്ടിത്തരാനും ചെറുവിവരണങ്ങൾ നൽകാനും ജീവനക്കാർക്ക് മടിയില്ല. ബോട്ട് മാസ്റ്റർ, സ്രാങ്ക്, ഡ്രൈവർ, രണ്ട് സുരക്ഷാ ജീവനക്കാർ എന്നിങ്ങനെ അഞ്ച് ജീവനക്കാരാണുള്ളത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ട്.


കായൽയാത്ര ആസ്വദിക്കുന്നതിനൊപ്പം ഗ്രാമീണജീവിതം അടുത്തറിയാനും പരിസ്ഥിതിസൗഹാർദ യാത്രയ്ക്കുമായി വിദേശികളായ വിനോദസഞ്ചാരികളും എത്തുന്നുണ്ട്. വിനോദസഞ്ചാരികളെ രസിപ്പിക്കാൻ ചെറുസംഗീതം കൂടിയായാൽ യാത്ര അസലായി.


'മുടിയെട്ടും കോർത്ത് കെട്ടി


വിരൽ നൂറാൽ കാറ്റൊതുക്കി വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള് എന്റെ തുഴത്തണ്ടിൽ താളമിട്ട് തുടിക്കുന്നോള്.... അമരത്തും അണിയത്തും തുഴഞ്ഞ് പോകെ


കരിങ്കക്കാ മുകിൽകൂട്ടം


തടംതിങ്ങി മെല്ലെയങ്ങനെ


എന്റെ ജലക്കൂട്ടെ നിറക്കൂട്ടെ നിറഞ്ഞ് നില്ല്


ദൂരെ പകലോന്റെ പള്ളിവേട്ടക്ക്


ഒരുങ്ങി നില്ല്...'


- കുരീപ്പുഴ ശ്രീകുമാറിൻ്റെ ഇഷ്‌ടമുടിക്കായൽ കവിതയിൽ ഈ യാത്രയുടെ മാസ്‌മരികത ഇങ്ങനെ വിളിച്ചോതുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA