കോഴിക്കോട്: ദീർഘനാളായി തുടർന്നുപോന്ന ശമ്പളവർധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരം ഒത്തുതീർപ്പായി. ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ മാനേജ്‌മെന്റുകളുമായി യൂണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ.) നടത്തിയ ചർച്ചകൾ വിജയിച്ചതോടെയാണ് അനിശ്ചിതകാല രാപകൽ സമരം പിൻവലിച്ചത്. ഇതോടെ ചൊവ്വാഴ്ച മുതൽ നഴ്സുമാർ ജോലിയിൽ പ്രവേശിക്കും.
അവസാന ഘട്ടത്തിൽ സമരം തുടർന്നിരുന്ന കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, വടകര ബേബി മെമ്മോറിയൽ ആശുപത്രി, മേയ്തു എന്നീ സ്ഥാപനങ്ങളിലെ അധികൃതരുമായി തിങ്കളാഴ്ച വൈകിട്ടാണ് നിർണ്ണായകമായ ചർച്ച നടന്നത്. നഴ്സുമാരുടെ ആവശ്യങ്ങളോട് മാനേജ്‌മെന്റുകൾ അനുകൂല നിലപാട് സ്വീകരിച്ചതോടെ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി യു.എൻ.എ. ജില്ലാ വർക്കിങ് പ്രസിഡൻ്റ് വർഗീസ് തോമസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ആസ്റ്റർ മിംസിലെ നഴ്സുമാരും സമാനമായ രീതിയിൽ സമരം ഒത്തുതീർപ്പാക്കിയിരുന്നു.
ഒരു മാസം മുൻപ് സിവിൽ സ്റ്റേഷന് മുന്നിൽ ആരംഭിച്ച ഈ സമരം നിരവധി നാടകീയ നിമിഷങ്ങൾക്കൊടുവിലാണ് ലക്ഷ്യത്തിലെത്തിയത്. കോടതി ഇടപെടലിനെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്നെങ്കിലും ചർച്ചകൾ പരാജയപ്പെട്ടതോടെ നഴ്സുമാർ വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ സിവിൽ സ്റ്റേഷന് മുന്നിൽ നിന്ന് മാനാഞ്ചിറയിലേക്കും പിന്നീട് അതാത് ആശുപത്രികൾക്ക് മുന്നിലേക്കും സമരം മാറ്റി.
പ്രകോപനങ്ങളില്ലാതെ, ആശുപത്രി കവാടങ്ങളിൽ രാത്രിയും പകലുമായി ഇരുന്നും കിടന്നും നഴ്സുമാർ നടത്തിയ ശാന്തമായ പോരാട്ടമാണ് ഒടുവിൽ വിജയത്തിലെത്തിയത്. ജില്ലയിലെ ഭൂരിഭാഗം ആശുപത്രികളിലും നേരത്തെ തന്നെ തീരുമാനമായിരുന്നു. ബാക്കിയുണ്ടായിരുന്ന നാല് പ്രധാന ആശുപത്രികളിൽ കൂടി ശമ്പളവർധന നടപ്പിലാക്കാൻ ധാരണയായതോടെ കോഴിക്കോട്ടെ സ്വകാര്യ ആരോഗ്യമേഖലയിലെ അനിശ്ചിതത്വത്തിന് അറുതിയായിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















