കേരളത്തിൽ താപനില വരുംദിവസങ്ങളിലും ഉയർന്നുതന്നെ നിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താപനില 38°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലയിൽ 36°C വരെ ചൂട് ഉയർന്നേക്കാം. ഉയർന്ന താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും ചേരുന്നതിനാൽ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്.
സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്ത് അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം കൂടുതലായിരിക്കും. ഈ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് സൂര്യാതപം, ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് വഴിയൊരുക്കും. അതിനാൽ പൊതുജനങ്ങൾ പരമാവധി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും അൾട്രാവയലറ്റ് സൂചിക ഉയർന്നേക്കാമെന്നതിനാൽ ജാഗ്രത പാലിക്കണം.
പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ജലഗതാഗത മേഖലയിലുള്ളവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കൂടാതെ ചർമ്മരോഗങ്ങൾ, ക്യാൻസർ തുടങ്ങിയ രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗത്തിലുള്ളവരും ജാഗ്രത പാലിക്കണം. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ശരീരം മുഴുവൻ മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും നിർദ്ദേശമുണ്ട്. യാത്രയ്ക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ചൂടിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കും. ജലാശയങ്ങളും മണൽ നിറഞ്ഞ പ്രതലങ്ങളും സൂര്യരശ്മികളെ പ്രതിഫലിപ്പിക്കുമെന്നതിനാൽ അത്തരം ഇടങ്ങളിൽ ഉള്ളവരും മുൻകരുതൽ എടുക്കണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















