നാടിനെ നടുക്കിയ ബസ്സപകടത്തിന്റെ വേദനാനിറഞ്ഞ ഓർമ്മകൾക്കിടയിൽ കാളിയാമ്പുഴയിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. തിരുവമ്പാടി-പുല്ലൂരാംപാറ റോഡിലെ യാത്രാക്ലേശത്തിന് ഇതോടെ വലിയ പരിഹാരമായിരിക്കുകയാണ്. മലയോര കുടിയേറ്റ മേഖലയിലെ ഏറ്റവും തിരക്കേറിയ ഈ പാതയിൽ 2024 ഒക്ടോബർ എട്ടിനുണ്ടായ കെ.എസ്.ആർ.ടി.സി ബസ്സപകടത്തിൽ രണ്ട് സ്ത്രീകൾ മരിക്കുകയും മുപ്പത്തിയഞ്ചോളം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാലപ്പഴക്കം ചെന്ന പഴയ പാലത്തിന്റെ കൈവരി തകർത്ത് ബസ് പുഴയിലേക്ക് മറിഞ്ഞായിരുന്നു ആ ദുരന്തം.
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സമീപനറോഡിന്റെ ഭാഗമായാണ് ഈ പാത നവീകരിക്കുന്നത്. തിരുവമ്പാടി-മറിപ്പുഴ റോഡ് നവീകരണത്തിന്റെ ഭാഗമായി 108.314 കോടി രൂപ അടങ്കൽ തുകയിലാണ് 10 മീറ്റർ വീതിയിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ പാലം പണിതത്. കേരള റോഡ് ഫണ്ട് ബോർഡ് നിർവഹണം നടത്തുന്ന പദ്ധതിയുടെ കരാറുകാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്. മലയോര ഹൈവേയുമായും അരിപ്പാറ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. പാലം പണി നടന്നുകൊണ്ടിരുന്ന സമയത്ത് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ മണിക്കൂറുകളോളം ചുറ്റിവളഞ്ഞായിരുന്നു യാത്ര ചെയ്തിരുന്നത്. പാലം തുറന്നതോടെ ആ ദുരിതത്തിന് അറുതിയായി.
പുതിയ പാലം യാഥാർഥ്യമായതോടെ വിസ്മൃതിയിലാകുന്നത് കുടിയേറ്റ കാലത്തെ ജനകീയ കൂട്ടായ്മയുടെ പ്രതീകമായിരുന്ന പഴയ പാലമാണ്. 1965-ൽ പുല്ലൂരാംപാറ വികാരിയായിരുന്ന ഫാ. അഗസ്റ്റിൻ കീലത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ അധ്വാനശക്തി മൂലധനമാക്കി നിർമ്മിച്ചതായിരുന്നു ആ പാലം. പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടുകിടന്നിരുന്ന പുല്ലൂരാംപാറ ഗ്രാമത്തിന്റെ വികസനത്തിന് ഈ പാലങ്ങൾ വലിയ പങ്ക് വഹിച്ചു. സർക്കാർ ഫണ്ടിനായി കാത്തുനിൽക്കാതെ ഞായറാഴ്ചകളിൽ പള്ളിയിൽ വന്നവർ പോലും കല്ലും മണ്ണും ചുമന്നാണ് ഈ നിർമ്മാണത്തിൽ പങ്കാളികളായത്. 1966-ൽ അന്നത്തെ ജില്ലാ കളക്ടർ യു. മഹാബലറാവു ആണ് ഈ പാലം ഉദ്ഘാടനം ചെയ്തത്. കുടിയേറ്റ ജനതയുടെ വിയർപ്പും അധ്വാനവും തങ്ങിനിൽക്കുന്ന ചരിത്രത്തിന് സാക്ഷിയായി പുതിയ പാലം ഇന്ന് തലയുയർത്തി നിൽക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















