താമരശ്ശേരി : അവധിദിനത്തിലെ സഞ്ചാരികളുടെ പ്രവാഹത്തിനുപുറമേ ഒട്ടേറെ വാഹനങ്ങൾ യന്ത്രത്തകരാറിനെത്തുടർന്ന് കുടുങ്ങുകകൂടി ചെയ്‌തതോടെ ശനിയാഴ്ച്‌ച പുലർച്ചെമുതൽ ഉച്ചവരെ താമരശ്ശേരി ചുരത്തിൽ പലയിടങ്ങളിലായി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വോട്ടെടുപ്പിനുശേഷമുള്ള അവധിദിനമായ ശനിയാഴ്ച ആയിരക്കണക്കിന് വാഹനങ്ങളാണ് ചുരത്തിൽ ഇരുദിശകളിലേക്കുമായി സഞ്ചരിച്ചത്. ഇടയ്ക്കിടെയുള്ള ഗതാഗതതടസ്സത്തിനും യാത്രാവാഹനങ്ങളുടെയും ചരക്കുവാഹനങ്ങളുടെയും ബാഹുല്യത്തിനുമൊപ്പം നിരതെറ്റിച്ചുള്ള ചില വാഹനയാത്രക്കാരുടെ മറികടക്കലുംകൂടിയായതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ചുരത്തിൽ അനുഭവപ്പെട്ടത്.
വരിയിൽ കുടുങ്ങിക്കിടന്ന വാഹനങ്ങളുടെ നിര പലപ്പോഴും കിലോമീറ്ററുകളോളം നീണ്ടു. ഇടവിട്ടുള്ള ഭാഗിക ഗതാഗതതടസ്സങ്ങളെത്തുടർന്ന് മിക്ക സമയങ്ങളിലും വളരെ സാവധാനത്തിലാണ് ചുരത്തിലൂടെ ശനിയാഴ്‌ച രാവിലെ വാഹനങ്ങൾക്ക് കടന്നുപോവാനായത്.
ഏഴാംവളവിനു സമീപം മരം കയറ്റിയ ലോറി വെള്ളിയാഴ്ച്ച അർധരാത്രിയോടെ കുടുങ്ങിയതോടെയാണ് ഗതാഗതതടസ്സത്തിന് തുടക്കമായത്, ലോറി മണിക്കൂറുകൾ കഴിഞ്ഞ് മാറ്റുന്നതുവരെ ഭാഗികമായാണ് ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോകാനായത്. പുലർച്ചെ ആറരയോടെ ഒൻപതാംവളവിൽ കാറും കെ.എസ്.ആർ.ടി.സി. ബസും ഇടിച്ചതിനെത്തുടർന്ന് അല്പനേരം ഭാഗിക ഗതാഗതതടസ്സം നേരിട്ടു.
രാവിലെ ഏഴരയോടെ അഞ്ചാംവളവിനു നടുവിൽ യന്ത്രത്തകരാറിനെത്തുടർന്ന് കുടുങ്ങിയ ലോറി മാറ്റാനായത് മണിക്കൂറുകൾക്കുശേഷമാണ്. എന്നാൽ, വീതിക്കൂടുതലുള്ള ഭാഗമായതുകൊണ്ട് ഇരുവശങ്ങളിലൂടെയും വാഹനങ്ങൾക്ക് കടന്നുപോവാനായതിനാൽ ഗതാഗതതടസ്സം നേരിട്ടില്ല.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ആറ്, ഏഴ് ഹെയർപിൻ വളവുകൾക്കിടയിൽ വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് യന്ത്രത്തകരാർ നേരിട്ട് വഴിയിൽ നിന്നുപോയി. ബസ് മാറ്റുന്നതുവരെ ഒറ്റവരിയായിമാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോവാനായത്.
തകരപ്പാടിക്കു സമീപം ഒരു കെ.എസ്.ആർ.ടി.സി. ബസ് കുടി തകരാറിലായെങ്കിലും വീതികൂടിയ ഭാഗത്താണ് വാഹനം നിന്നുപോയതെന്നതിനാൽ കാര്യമായ ഗതാഗതതടസ്സമുണ്ടായില്ല. പിന്നീട് പത്തരയോടെ ഒൻപതാംവളവിനു താഴെ ടവർലൈനിനു സമീപമുള്ള കുപ്പിക്കഴുത്ത് ഭാഗത്ത് പിക്കപ്പ് വാൻ റോഡിൽ കുടുങ്ങിയത് ഏറെനേരം ഭാഗിക ഗതാഗതതടസ്സത്തിനിടയാക്കി.
ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റുന്നതുവരെ ചുരത്തിലെ ഏറ്റവും വീതിക്കുറവുള്ള ഈ ഭാഗത്തുകൂടി ഒറ്റവരിയായിമാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോവാനായത്. ഇതും ഏറെനേരത്തേക്ക് ഗതാഗതക്കുരുക്കിന് ഇടയാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















