വെക്കേഷൻ ടൂറിസത്തിലേക്ക് കണ്ണുംനട്ട് മൺറോത്തുരുത്ത്

വെക്കേഷൻ ടൂറിസത്തിലേക്ക് കണ്ണുംനട്ട് മൺറോത്തുരുത്ത്
വെക്കേഷൻ ടൂറിസത്തിലേക്ക് കണ്ണുംനട്ട് മൺറോത്തുരുത്ത്
Share  
2026 Apr 11, 07:05 AM
SAMUDRA
NISH
KWICOS
yoga

മൺറോത്തുരുത്ത് : തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വെക്കേഷൻ വിനോദസഞ്ചാരികൾ കൂടുതലായി എത്തുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ മൺറോത്തുരുത്ത്. കഴിഞ്ഞവർഷം വെക്കേഷന് റെക്കോഡ് വിനോദസഞ്ചാരികളാണ് തുരുത്തിലെത്തിയത്. യുക്രൈൻ, ഇറാൻ യുദ്ധങ്ങൾ വിദേശ വിനോദസഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചു. അവധിദിവസങ്ങളിൽ നാട്ടുകാരും ഇതരസംസ്ഥാന വിനോദസഞ്ചാരികളും ധാരാളമായി എത്തുന്നത് ഈ കുറവ് നികത്തുന്നുണ്ട്. മണക്കടവ് എസ്. വളവിലേക്കാണ് നാട്ടുകാരായ സഞ്ചാരികൾ ഏറെയുമെത്തുന്നത്. അവധിദിവസങ്ങളിൽ നൂറുകണക്കിന് വാഹനങ്ങളാണ് റോഡിന് ഇരുവശവും. ശിക്കാര വള്ളങ്ങളിലും കയാക്കിങ്, പെഡൽ ബോട്ട് തുടങ്ങിയവയിലും കായലിൽ കറങ്ങിനടക്കാം. കണ്ടൽ കമാനങ്ങൾക്കുള്ളിൽ വിശ്രമിക്കാം. വെക്കേഷനായതോടെ എല്ലാദിവസവും സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാര മേഖല.


മുൻപ് ഏറെയും വിദേശ വിനോദസഞ്ചാരികളായിരുന്നു തുരുത്തിലെത്തിയിരുന്നത്. കാരൂത്രകടവിൽ വാഹനങ്ങളിലെത്തി ഇവിടെനിന്ന് വഞ്ചികളിൽ ചെറുതോടുകൾ വഴിയുള്ള സഞ്ചാരമാണ് വിദേശികൾക്ക് പ്രിയം. സഞ്ചാരികളെ സഹായിക്കാനായി കാരുത്രകടവിൽ ഡി.ടി.പി.സി.യുടെ ഓഫീസും തുറന്നു. നാട്ടുകാരായ വിനോദസഞ്ചാരികൾക്ക് പ്രിയം എസ്. വളവാണ്. 25-ഓളം ശിക്കാര വള്ളങ്ങളും 100-ഓളം കടത്തുവള്ളങ്ങളും 10-ഓളം കുട്ടവഞ്ചികളും 100-ഓളം കയാക്കുകളും പെഡൽ ബോട്ടുകളും എസ്. വളവിൽ സഞ്ചാരികളെ കാത്തുകിടക്കുന്നു. ഇന്ന് തുരുത്തിലെ ആയിരങ്ങളാണ് വിനോദസഞ്ചാര മേഖലയെ ആശ്രയിക്കുന്നത്.


കായൽ യാത്രയ്ക്ക് ലൈഫ് ജാക്കറ്റുകൾ നിർബന്ധമാണ്. ശിക്കാര വള്ളത്തിന് ഒരു മണിക്കൂറിന് 1,000 രൂപമുതലാണ് നിരക്ക്. വള്ളങ്ങൾക്ക് മണിക്കൂറിന് 500മുതലും കുട്ടവഞ്ചിക്ക് 500 രൂപയുമാണ്. കയാക്കിനും പെഡൽ ബോട്ടിനും മണിക്കൂറിന് 100 രൂപമുതലാണ് നിരക്ക്. പെഡൽ ബോട്ടിൽ രണ്ടുപേർക്ക് സഞ്ചരിക്കാം. ശിക്കാര വള്ളങ്ങളിലും കടത്തുവള്ളങ്ങളിലും കുട്ടവഞ്ചിയിലും ഏഴുപേർക്ക് കയറാം. ശിക്കാര വള്ളങ്ങൾക്കും വള്ളങ്ങൾക്കും കുട്ടവഞ്ചിക്കും തുഴച്ചിൽക്കാരനുണ്ട്.


ഇടിയക്കടവ് പാലത്തിന് സമീപം കൊടുവിളമുതൽ വിനോദസഞ്ചാരികളെ മാടിവിളിച്ചുകൊണ്ട് കായൽയാത്ര തരപ്പെടുത്തി നൽകാൻ ഏജൻറുമാരുണ്ടാകും. തുരുത്തിൽ 50-ലേറെ ഹോം സ്റ്റേകളും അഞ്ചിലധികം റിസോർട്ടുകളുമുണ്ട്. ഹോട്ടലുകളും ഉടനീളമുണ്ട്. പുതിയ ഹോട്ടലുകളുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. നാടൻ കള്ള് കിട്ടുന്ന ഷാപ്പുകളും എസ്. വളവ് ഭാഗത്ത് ഒന്നിലധികമുണ്ട്.


1,000 രൂപമുതൽ ഹോം സ്റ്റേകൾ ലഭിക്കും. എ.സി. ആണെങ്കിൽ 1,500 മുതലും, റിസോർട്ടുകളിൽ നിരക്ക് കൂടുതലാണ്. 4,000 വരെയുള്ള റൂമുകളുണ്ട്. കല്ലടയാറ്റിലെ ചെമ്പല്ലിയും അഷ്ടമുടിക്കായലിലെ ലോകപ്രശസ്‌തമായ കരിമീനും ഞണ്ടും കൊഞ്ചും കക്കയുമാണ് ഇഷ്‌ടവിഭവങ്ങൾ. മൺറോത്തുരുത്തിലെ ഹോം സ്റ്റേകളിൽ എത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് പാശ്ചാത്യരീതിയിൽ ഭക്ഷണമൊരുക്കുന്ന റിസോർട്ടുകളും ഇവിടുണ്ട്.


കുണ്ടറയിൽനിന്ന് 12 കിലോമീറ്റർ സഞ്ചരിച്ച് മൺറോത്തുരുത്തിലെത്താം. കൊല്ലത്തുനിന്നും ആലപ്പുഴനിന്നും തീവണ്ടിമാർഗം മൺറോത്തുരുത്തിലെത്താം. കൊല്ലത്തുനിന്ന് രണ്ടാമത്തെ ലോക്കൽ സ്റ്റേഷനാണ്. ഒരുമണിക്കൂർ ഇടവിട്ട് മെമു ഉണ്ട്. എറണാകുളത്തുനിന്നുള്ള ഇന്റർസിറ്റി രാവിലെ എട്ടിന് മൺറോത്തുരുത്തിലെത്തും. വൈകീട്ട് 6.45-ന് ഇതിൽതന്നെ തിരിച്ചും പോകാം. റോഡുമാർഗം കൊല്ലത്തുനിന്ന് അഞ്ചാലുംമൂടു വഴി പെരുമണിലെത്തി അഷ്‌ടമുടിക്കായൽ കടന്നും ഇവിടേക്കെത്താം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA