കായണ്ണ ടൗണിലെ നിത്യേനയുള്ള ഗതാഗതക്കുരുക്ക് യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കുന്നു. റോഡിന്റെ വീതിക്കുറവും അശാസ്ത്രീയമായ പാർക്കിങ്ങുമാണ് ഇവിടെ പ്രധാന വെല്ലുവിളി ഉയർത്തുന്നത്. മുൻകാലങ്ങളിൽ നിർമ്മിച്ച കെട്ടിടങ്ങൾ റോഡിനോട് ചേർന്നുനിൽക്കുന്നതിനാൽ നിലവിൽ റോഡ് വീതികൂട്ടൽ പ്രായോഗികമല്ലാത്ത അവസ്ഥയിലാണ്. ഇതിനിടയിൽ റോഡരികിലെ ഇരുചക്രവാഹന പാർക്കിങ് കൂടി ചേരുമ്പോൾ വലിയ വാഹനങ്ങൾക്ക് ടൗൺ കടന്നുപോവുക എന്നത് ഏറെ പ്രയാസകരമാകുന്നു.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഗ്രാമപ്പഞ്ചായത്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന പാർക്കിങ് നിയന്ത്രണങ്ങളും റോഡിലെ അടയാളപ്പെടുത്തലുകളും ഫലം കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആഴ്ചയിൽ രണ്ടുതവണ മലഞ്ചരക്ക് കടകളിലേക്ക് എത്തുന്ന വലിയ ടോറസ് ലോറികൾ കൂടിയാകുമ്പോൾ ടൗൺ പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയാണ്. അയൽപഞ്ചായത്തായ കൂട്ടാലിടയിലുൾപ്പെടെ റോഡുകൾക്ക് മികച്ച സൗകര്യമുള്ളപ്പോൾ കായണ്ണയിൽ മാത്രം വികസനം മുരടിക്കുന്നതിൽ വലിയ പ്രതിഷേധമുണ്ട്.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) വഴി രണ്ടാം വാർഡിലെ റോഡ് വികസനത്തിന് കോടികൾ അനുവദിച്ചിരുന്നെങ്കിലും ചിലരുടെ എതിർപ്പ് കാരണം ആ പദ്ധതിയും ഫണ്ടും നഷ്ടമായത് തിരിച്ചടിയായി. കായണ്ണ ജി.യു.പി സ്കൂൾ റോഡ് നവീകരിച്ചെങ്കിലും ടൗണിലെ പ്രധാന ഭാഗങ്ങളിൽ അഞ്ച് മീറ്റർ വീതി പോലും ലഭ്യമല്ലാത്തത് പ്രതിസന്ധി വർധിപ്പിക്കുന്നു. ട്രാഫിക് സംവിധാനങ്ങൾ പരിഷ്കരിക്കുകയും നിലവിലുള്ള ബൈപ്പാസ് സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്താൽ മാത്രമേ കായണ്ണയിലെ ഗതാഗതക്കുരുക്കിന് താൽക്കാലികമായെങ്കിലും പരിഹാരം കാണാൻ കഴിയൂ എന്നാണ് വ്യാപാരികൾ പറയുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















