തിരഞ്ഞെടുപ്പ് പ്രചാരണവേദികളിലും ആഘോഷങ്ങളിലും ഇപ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് വർണ്ണക്കടലാസുകൾ ചിതറിക്കുന്ന പോപ്പർ ബ്ലാസ്റ്ററുകൾ. ആകാശത്ത് പാറിപ്പറക്കുന്ന ഈ നിറക്കൂട്ടുകൾ കാണാൻ അതിമനോഹരമാണെങ്കിലും, ആഘോഷം കഴിയുന്നതോടെ ഇവ വലിയൊരു മാലിന്യപ്രശ്നമായി മാറുകയാണ്. പാറിപ്പറന്നുവീഴുന്ന ഈ ചെറിയ കടലാസുകഷ്ണങ്ങൾ വൃത്തിയാക്കിയെടുക്കുക എന്നത് ശുചീകരണത്തൊഴിലാളികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രത്യേകിച്ച് നേരിയ നനവുകൂടിയുണ്ടെങ്കിൽ റോഡിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇവ നീക്കം ചെയ്യാൻ മണിക്കൂറുകൾ അധ്വാനിക്കേണ്ടി വരുന്നു.
മുമ്പ് ജന്മദിനാഘോഷങ്ങളിലും മറ്റും ചെറിയ രീതിയിൽ കണ്ടിരുന്ന ഈ പ്രവണത ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെയും റോഡ് ഷോകളിലെയും പ്രധാന ഇനമായി മാറിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ കൊടിയുടെ നിറത്തിലുള്ള കടലാസുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാൽ ഇത് വഴിയാത്രക്കാർക്കും വാഹനയാത്രികർക്കും ഒരുപോലെ പ്രയാസമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് പാളയത്ത് നടന്ന കലാശക്കൊട്ടിനിടെ ഇത്തരം പോപ്പർ ബ്ലാസ്റ്ററുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. അതേസമയം, പ്രചാരണത്തിന് ശേഷം തങ്ങൾ ഉണ്ടാക്കിയ മാലിന്യം സ്വയം അടിച്ചുവാരി വൃത്തിയാക്കാൻ എൻ.ഡി.എ സ്ഥാനാർത്ഥി ടി. രനീഷ് കാണിച്ച മാതൃക ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
നിലവിൽ പോപ്പർ ബ്ലാസ്റ്ററുകൾ നിരോധിച്ചിട്ടില്ലെങ്കിലും അവയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ആരും വിസ്മരിക്കരുത്. ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ഇത്തരം പ്രചാരണ സാമഗ്രികൾ ഉപയോഗിക്കുന്നവർ തന്നെ അത് നീക്കം ചെയ്യണമെന്നാണ് നിയമം. ഈ നിയമം നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള വിജയാഘോഷങ്ങളിലും സമാനമായ രീതിയിൽ മാലിന്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ആഘോഷങ്ങൾക്കൊപ്പം ശുചിത്വത്തിനും പ്രാധാന്യം നൽകണമെന്നും മാറുന്ന കാലത്തിനനുസരിച്ച് രീതികളിൽ മാറ്റം വരുത്തണമെന്നും ജില്ലാ ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർ ഇ.ടി. രാകേഷ് ഓർമ്മിപ്പിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















