തിരുവനന്തപുരം: സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ കള്ളവോട്ട് തടയാൻ കർശന നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. മറ്റൊരാളുടെ പേരിൽ വോട്ട് ചെയ്യുന്നതോ, സ്വന്തം വോട്ട് രേഖപ്പെടുത്തിയ ശേഷം വിവരം മറച്ചുവെച്ച് വീണ്ടും വോട്ട് ചെയ്യാൻ ശ്രമിക്കുന്നതോ ജാമ്യമില്ലാത്ത കുറ്റമാണ്. ജനപ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ചും കുറ്റക്കാർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
മറ്റൊരാളുടെ തിരിച്ചറിയൽ രേഖ വ്യാജമായി നിർമ്മിച്ചാണ് വോട്ട് ചെയ്യാൻ ശ്രമിക്കുന്നതെങ്കിൽ വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും പ്രത്യേകമായി കേസ് രജിസ്റ്റർ ചെയ്യും. മറ്റാരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യുന്നതെങ്കിലും ശിക്ഷയിൽ നിന്ന് ഒഴിവാകാൻ കഴിയില്ല. ഒരാളുടെ പേര് ഒന്നിലധികം മണ്ഡലങ്ങളിലോ വോട്ടർപട്ടികയിലോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് കമ്മീഷൻ വ്യക്തമാക്കി. അല്ലാത്തപക്ഷം അത് നിയമലംഘനമായി കണക്കാക്കും.
മരണപ്പെട്ടവരോ സ്ഥലത്തില്ലാത്തവരോ ആയ വോട്ടർമാരുടെ വോട്ട് രേഖപ്പെടുത്തുന്നവർക്കെതിരെ 171-ാം വകുപ്പ് പ്രകാരം കർശന നടപടിയുണ്ടാകും. വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ഉള്ളവരുടെ തിരിച്ചറിയൽ രേഖകൾ കള്ളവോട്ടിനായി കൈമാറുന്നവർക്കെതിരെയും കേസെടുക്കും. പോളിങ് ബൂത്തിലോ സമീപത്തോ സംഘർഷമുണ്ടാക്കുന്നവർക്കും ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്നവർക്കുമെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റകൃത്യം നടന്നതായി ബോധ്യപ്പെട്ടാൽ ഉടൻ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പോലീസിനോട് ആവശ്യപ്പെടും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















