നാലുദിവസം കൊടുംകാട്ടിൽ കുടുങ്ങിയിട്ടും പതറാതെ, മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയ നാദാപുരം സ്വദേശി ശരണ്യ വീട്ടിൽ തിരിച്ചെത്തി. കുടകിലെ തടിയന്റമോൾ കൊടുമുടി കയറുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെട്ട ശരണ്യയെ കഴിഞ്ഞ ദിവസമാണ് വനംവകുപ്പും പൊലീസും ചേർന്ന് കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെ നാദാപുരത്തെ വീട്ടിലെത്തിയ ശരണ്യ, താൻ ട്രെക്കിങ് ഉപേക്ഷിക്കില്ലെന്നും വരും ദിവസങ്ങളിൽ യാത്രകൾ തുടരുമെന്നും ഉറച്ച ശബ്ദത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ശരണ്യ ട്രെക്കിങ്ങിനായി തടിയന്റമോൾ മലനിരകളിലേക്ക് പോയത്. ഉച്ചയോടെ വഴിതെറ്റിയ വിവരം ഹോംസ്റ്റേയിൽ അറിയിച്ചെങ്കിലും പിന്നീട് സമ്പർക്കം പുലർത്താൻ സാധിച്ചില്ല. തുടർന്ന് വനംവകുപ്പും പൊലീസും നാട്ടുകാരും ഉൾപ്പെട്ട നാൽപ്പതംഗ സംഘം നാലായി തിരിഞ്ഞ് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്താനായത്. കൊടുംകാട്ടിലെ അരുവികളിൽ നിന്നുള്ള വെള്ളം മാത്രം കുടിച്ചാണ് താൻ ഇത്രയും ദിവസം അതിജീവിച്ചതെന്ന് ശരണ്യ പറഞ്ഞു. ശാരീരികമായി അവശതകൾ നേരിട്ടെങ്കിലും മനക്കരുത്ത് കൈവിടാതെ പിടിച്ചുനിൽക്കാൻ സാധിച്ചത് കൃത്യമായി വെള്ളം കുടിച്ചത് കൊണ്ടാണെന്നും താരം കൂട്ടിച്ചേർത്തു.
മകൾ സുരക്ഷിതയായി തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കൾ. ആരോടും പറയാതെയുള്ള ഇത്തരം യാത്രകൾ അവസാനിപ്പിക്കണമെന്ന് അച്ഛൻ ആവശ്യപ്പെടുമ്പോഴും, ഏത് പ്രതിസന്ധിയെയും നേരിടാനുള്ള കരുത്തോടെയാണ് മകളെ വളർത്തിയതെന്നായിരുന്നു അമ്മയുടെ പ്രതികരണം. കർണാടക വനംവകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് ശരണ്യയെ മാതാപിതാക്കൾക്ക് കൈമാറിയത്. തന്നെ രക്ഷിക്കാൻ പ്രയത്നിച്ച ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ ശരണ്യ, വേനൽച്ചൂട് കുറയുന്നതോടെ അടുത്ത യാത്രകൾക്കായി തയ്യാറെടുക്കുമെന്നും പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















