കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ മൊയ്തീൻപള്ളി റോഡിൽ കോർപ്പറേഷൻ കെട്ടിടത്തിന്റെ സൺഷേഡ് തകർന്നു വീണു. വ്യാഴാഴ്ച വൈകീട്ടോടെ ഉണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. മിഠായിത്തെരുവിനോട് ചേർന്നുള്ള മൊബൈൽ ഫോൺ അനുബന്ധ സാമഗ്രികൾ വിൽക്കുന്ന കടയുടെ സൺഷേഡാണ് തകർന്നത്. കെട്ടിടത്തിന്റെ ഭാഗങ്ങൾ അടർന്നു വീഴുന്ന ശബ്ദം കേട്ട ഉടൻ കടയിലുണ്ടായിരുന്ന ജീവനക്കാർ പുറത്തേക്ക് മാറിയതിനാൽ വലിയൊരു അപകടം ഒഴിവായി.
ഏകദേശം അമ്പത് വർഷത്തിലധികം പഴക്കമുള്ള മൂന്ന് നിലകളുള്ള ഈ കെട്ടിടം നിലവിൽ അതീവ അപകടാവസ്ഥയിലാണ്. കെട്ടിടത്തിന്റെ മുകൾഭാഗത്തെ കോൺക്രീറ്റ് അടർന്നുവീഴാറായ നിലയിലാണെന്നും പലയിടത്തും കമ്പികൾ പുറത്തുകാണാമെന്നും വ്യാപാരികൾ പറയുന്നു. മുകൾനിലയിൽ ഗോഡൗൺ പ്രവർത്തിക്കുന്നുണ്ട്. ഒരു മാസം മുൻപ് വലിയങ്ങാടിയിൽ കോർപ്പറേഷൻ കെട്ടിടം തകർന്ന് നാലുപേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഈ അപകടം പ്രദേശവാസികളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ കോർപ്പറേഷൻ തയ്യാറാകുന്നില്ലെന്നാണ് വ്യാപാരികളുടെ പ്രധാന ആരോപണം. സംഭവസ്ഥലത്ത് പോലീസും അഗ്നിരക്ഷാ സേനയും പരിശോധന നടത്തി. അടുത്ത ദിവസം കെട്ടിടത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
നഗരത്തിലെ അപകടാവസ്ഥയിലുള്ള ത്രിവേണി ബിൽഡിങ്, കാരപ്പറമ്പ് മാർക്കറ്റ് കെട്ടിടം തുടങ്ങിയവ പൊളിച്ചുനീക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടികൾ വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്. വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം മതി നടപടികളെന്ന കൗൺസിൽ തീരുമാനം കാലതാമസമുണ്ടാക്കുന്നുണ്ടെന്നും, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകുന്ന നടപടി നിർത്തണമെന്നും യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ എസ്.വി. മുഹമ്മദ് ഷമീൽ തങ്ങൾ ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














