തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. വികസനവും സാമൂഹിക ക്ഷേമവും ഒരുമിച്ച് കൊണ്ടുപോകുന്ന നയങ്ങൾക്കാണ് പത്രികയിൽ മുൻഗണന നൽകിയിരിക്കുന്നത്. എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 3,000 രൂപയായി ഉയർത്തുമെന്നതാണ് പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനം. വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 2026-27 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കുമെന്നും എൽഡിഎഫ് പ്രഖ്യാപിച്ചു. കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പാക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും പവർ കട്ട് ഇല്ലാത്ത കാലം തുടരുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന പത്രികയിൽ 50 ശതമാനം സ്ത്രീകൾക്കും ജോലി ഉറപ്പുവരുത്തുമെന്ന് വ്യക്തമാക്കുന്നു. കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലായിരിക്കും ഇത് നടപ്പിലാക്കുക. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ തദ്ദേശഭരണ തലത്തിൽ ക്രൈം മാപ്പിങ് നടത്തും. ദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കാനും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായും നടപ്പിലാക്കാനും പത്രിക വിഭാവനം ചെയ്യുന്നു. ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതികളും ഇതിലുണ്ട്.
പട്ടികവർഗ്ഗ ക്ഷേമത്തിനായി ഊരുകൂട്ടങ്ങളുടെ തീരുമാനങ്ങൾക്കനുസരിച്ചുള്ള ഉപപദ്ധതികൾ നടപ്പിലാക്കും. കെ-ഫോൺ വിപുലീകരണം, മികച്ച ചികിത്സാ സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രത്യേക പദ്ധതികൾ, സമ്പൂർണ്ണ മാലിന്യ സംസ്കരണം എന്നിവയും ഇടതുമുന്നണിയുടെ വാഗ്ദാനങ്ങളാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ പ്രതിരോധിക്കുമെന്നും തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നീക്കങ്ങളെ നേരിടുമെന്നും പത്രികയിൽ പറയുന്നു. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം സംരക്ഷിക്കാൻ എൽഡിഎഫിന് മാത്രമേ കഴിയൂ എന്നും വർഗീയ ശക്തികൾക്ക് സ്വാധീനമില്ലാത്ത ഭരണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനകീയ സംവാദങ്ങളിലൂടെ രൂപപ്പെടുത്തിയ പത്രിക വികസനത്തുടർച്ചയ്ക്കുള്ള വഴികാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














