തിരുവന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക കൊച്ചിയിൽ പുറത്തിറക്കി. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും മുൻഗണന നൽകുന്ന 'ഇന്ദിര ഗ്യാരന്റി' ഉൾപ്പെടെയുള്ള വിപുലമായ പദ്ധതികളാണ് പത്രികയിലുള്ളത്. സാമൂഹ്യ സുരക്ഷാ പെൻഷൻ 3,000 രൂപയായി ഉയർത്തുമെന്നതാണ് ഇതിലെ പ്രധാന വാഗ്ദാനം. കൂടാതെ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്രയും കോളേജ് വിദ്യാർത്ഥികൾക്ക് പഠനസഹായമായി മാസം 1,000 രൂപയും അനുവദിക്കും. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്' നടപ്പിലാക്കുമെന്നും പത്രിക ഉറപ്പുനൽകുന്നു.
ദാരിദ്ര്യ നിർമാർജനത്തിനായി 'ആശ്രയ' പദ്ധതി പരിഷ്കരിച്ച് 'നവ ആശ്രയ' എന്ന പേരിൽ നടപ്പിലാക്കും. സംസ്ഥാനമൊട്ടാകെ വിശപ്പകറ്റാൻ 'ഇന്ദിര കാന്റീനുകൾ' ആരംഭിക്കുന്നതിനൊപ്പം അർഹരായവർക്ക് മുൻഗണനാ റേഷൻ കാർഡുകളും സൗജന്യ റേഷനും ഉറപ്പാക്കും. മുൻപ് യുഡിഎഫ് സർക്കാർ നടപ്പിലാക്കിയിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട്, താലോലം, ആശ്വാസകിരണം തുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കും. ഇവയെല്ലാം ഏകോപിപ്പിച്ച് 'ഉമ്മൻചാണ്ടി കാരുണ്യ പദ്ധതി' എന്ന പേരിൽ നടപ്പിലാക്കാനാണ് തീരുമാനം. ആശ വർക്കർമാരുടെ ദിവസവേതനം 700 രൂപയാക്കി വർധിപ്പിക്കുമെന്നും പത്രികയിൽ പറയുന്നു.
യുവാക്കൾക്കും വയോജനങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്ന പദ്ധതികളും ഇതിലുണ്ട്. യുവാക്കൾക്ക് ബിസിനസ് തുടങ്ങാൻ അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുന്നതിനൊപ്പം 'യുവശ്രീ' എന്ന പേരിൽ കുടുംബശ്രീ മാതൃകയിലുള്ള സംഘങ്ങൾ രൂപീകരിക്കും. മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുകയും അവരുടെ സേവനത്തിനായി പഞ്ചായത്ത് വോളണ്ടിയർമാരെ നിയമിക്കുകയും ചെയ്യും. ഭിന്നശേഷിക്കാർക്ക് പെൻഷനിൽ 25 ശതമാനം വർധനവ് നൽകുന്നതിനൊപ്പം സ്പെഷ്യൽ സ്‌കൂളുകൾക്ക് എയ്ഡഡ് പദവി നൽകാനും നടപടി സ്വീകരിക്കും. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് പ്രത്യേക വികസന പാക്കേജും പി.എസ്.സി സംവരണവും പാർപ്പിട പദ്ധതിയും വാഗ്ദാനം ചെയ്യുന്നുണ്ട്.
വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, സമുദ്ര-വ്യോമയാന വികസനത്തിനായുള്ള 'മിഷൻ സമുദ്ര', ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾക്കായി 'ജോബ് വാച്ച് ടവർ' എന്നിവയാണ് യുഡിഎഫിന്റെ മറ്റ് പ്രധാന സ്വപ്ന പദ്ധതികൾ. തൊഴിലുറപ്പ് വേതനവും തൊഴിൽ ദിനങ്ങളും വർധിപ്പിക്കുമെന്നും ഗിഗ്-ഓൺലൈൻ തൊഴിലാളികൾക്കായി പ്രത്യേക ക്ഷേമ പദ്ധതികൾ കൊണ്ടുവരുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു. കേരളത്തെ പൂർണ്ണമായും ദാരിദ്ര്യമുക്തമാക്കാനായി അന്ത്യോദയ-പിങ്ക് കാർഡ് ഉടമകളെ കേന്ദ്രീകരിച്ച് പ്രത്യേക കർമ്മപദ്ധതിയും പത്രിക മുന്നോട്ടുവെക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














