മൂന്നാർ വന്യജീവി ഡിവിഷന് കീഴിലുള്ള ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നുമുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നു. വരയാടുകളുടെ പ്രജനനകാലമായതിനാൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അടച്ചിട്ടിരുന്ന ഉദ്യാനം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സജീവമാകുന്നത്. നിലവിൽ 841 വരയാടുകളുള്ള ഇവിടെ ഇത്തവണ 144 പുതിയ അതിഥികൾ കൂടി ജനിച്ചതായി അധികൃതർ അറിയിച്ചു. 2025-ൽ ഇന്ത്യയിലെ 438 സംരക്ഷിത വനമേഖലകളിൽ വെച്ച് ഏറ്റവും മികച്ച ദേശീയോദ്യാനമായി ഇരവികുളം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സഞ്ചാരികളെ സ്വീകരിക്കുന്നതിനായി ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇരുനൂറോളം ഔഷധസസ്യങ്ങൾ നിറഞ്ഞ മെഡിസിനൽ ഗാർഡൻ പാർക്ക്, ആകർഷകമായ മഴവിൽപാലം, ഫോട്ടോ പോയിന്റ് എന്നിവ പുതുതായി സജ്ജീകരിച്ചിട്ടുണ്ടെന്ന് വാർഡൻ കെ.വി. ഹരികൃഷ്ണനും അസിസ്റ്റന്റ് വാർഡൻ നിതിൻലാലും വ്യക്തമാക്കി. ഉദ്യാനത്തിന്റെ 70 ശതമാനവും പുൽമേടുകളാൽ സമ്പന്നമാണ്. വരയാടുകൾക്ക് പുറമെ വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങ്, നീലഗിരി ലംഗൂർ, പുള്ളിപ്പുലി, കടുവ, കരിമ്പുലി, ചെന്നായ, കരടി തുടങ്ങിയ വന്യജീവികളുടെയും പ്രധാന ആവാസകേന്ദ്രമാണിത്.
അത്യപൂർവമായ സസ്യജാലങ്ങളുടെയും ഓർക്കിഡുകളുടെയും കലവറയായ ഇരവികുളത്തെ പ്രധാന ആകർഷണം പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയാണ്. 2018-ൽ അവസാനമായി പൂവിട്ട നീലക്കുറിഞ്ഞികൾ ഇനി 2030-ലായിരിക്കും ഇവിടെ വ്യാപകമായി പൂക്കാലം തീർക്കുക. പ്രകൃതിഭംഗിയും വന്യജീവി സമ്പത്തും ഒത്തുചേരുന്ന ഇരവികുളം ഇത്തവണത്തെ വേനലവധി ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് വേറിട്ട അനുഭവം നൽകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














