തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശ്ശൂരിലെത്തും. വൈകീട്ട് നാലിന് കുട്ടനെല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന അദ്ദേഹത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് റോഡ് മാർഗം ജില്ലാ ആശുപത്രിക്ക് മുന്നിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നാണ് നഗരത്തെ ഇളക്കിമറിക്കുന്ന റോഡ് ഷോ ആരംഭിക്കുന്നത്. ബി.ജെ.പി. സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്മാട്ടി, പുലിക്കളി, മാർഗംകളി, കഥകളി തുടങ്ങിയ കലാരൂപങ്ങളോടെ വിപുലമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം അമ്പതിനായിരത്തിലധികം ആളുകൾ റോഡ് ഷോയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലാ ആശുപത്രിക്ക് മുന്നിൽ നിന്ന് തുടങ്ങി സ്വരാജ് റൗണ്ട്, മണികണ്ഠനാൽ, നടുവിലാൽ, നായ്ക്കനാൽ വഴി ബിനി ജങ്‌ഷനിൽ സമാപിക്കുന്ന റോഡ് ഷോയ്ക്കായി നഗരം പൂർണ്ണമായും സുരക്ഷാ വലയത്തിലാണ്. ഇതിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് വൻ സുരക്ഷയോടെ ട്രയൽ റൺ നടത്തിയിരുന്നു. പ്രധാനമന്ത്രി കടന്നുപോകുന്ന വഴിയിലെ കെട്ടിടങ്ങൾ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കുകയും ജനലുകൾ അടച്ചിടാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നഗരത്തിൽ കർശന പരിശോധന തുടരുകയാണ്.
ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും:
ഞായറാഴ്ച രാവിലെ 11 മുതൽ വൈകീട്ട് 6.30 വരെ തൃശ്ശൂർ നഗരത്തിലും പരിസരങ്ങളിലും കർശന ഗതാഗത നിയന്ത്രണമുണ്ടാകും. സ്വരാജ് റൗണ്ടിലും അനുബന്ധ റോഡുകളിലും ഈ സമയത്ത് വാഹന പാർക്കിങ് അനുവദിക്കില്ല. കുട്ടനെല്ലൂർ മുതൽ സ്വരാജ് റൗണ്ട് വരെയുള്ള പ്രധാന റോഡുകളിലും സർവീസ് റോഡുകളിലും പാർക്കിങ് നിരോധിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ നഗരത്തിൽ ഡ്രോണുകൾ പറത്തുന്നത് കർശനമായി വിലക്കി.
റോഡ് ഷോ കാണാനെത്തുന്ന പൊതുജനങ്ങൾക്ക് മുനിസിപ്പൽ ഓഫീസ് റോഡ്, കുറുപ്പം റോഡ്, ഷൊർണൂർ റോഡ് തുടങ്ങിയവയിലൂടെയാണ് പ്രവേശനം. എന്നാൽ പേന, ബാഗ്, വെള്ളക്കുപ്പികൾ തുടങ്ങിയവ കൈവശം വെക്കാൻ അനുവദിക്കില്ല. ബാരിക്കേഡുകൾക്ക് അപ്പുറത്തുള്ള ഫുട്പാത്തുകളിൽ നിന്ന് മാത്രമാണ് പ്രധാനമന്ത്രിയെ കാണാൻ സൗകര്യമുണ്ടാകുക. പ്രധാനമന്ത്രി മടങ്ങുന്നത് വരെ നഗരത്തിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളും തുടരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














