കളരി ആയോധനമുറകളും കലയും സമന്വയിക്കുന്ന അപൂർവ്വമായ 'ഒറ്റയും ചുഴിച്ചിലും' കോൽക്കളിയെ സംരക്ഷിക്കാൻ കുറ്റ്യാടി മേഖലയിലെ കലാസ്നേഹികൾ കൈകോർക്കുന്നു. കായക്കൊടിയിലെ പ്രശസ്ത കോൽക്കളി ആശാൻ ഗോവിന്ദൻ ഗുരുക്കളുടെ ശിക്ഷണത്തിൽ ഈ കലാരൂപം അഭ്യസിച്ച ആറ് പഞ്ചായത്തുകളിൽ നിന്നുള്ള 18 പേരാണ് പ്രത്യേക കൂട്ടായ്മ രൂപീകരിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. നാടുവാഴിത്ത കാലത്ത് സാധാരണക്കാർക്ക് കളരി അഭ്യസിക്കുന്നതിന് വിലക്കുണ്ടായിരുന്നപ്പോൾ, കലയിലൂടെ ആയോധനമുറകൾ പഠിപ്പിക്കാൻ കാരണവന്മാർ കണ്ടെത്തിയ മാർഗമായിരുന്നു 'ഒറ്റയും ചുഴിച്ചിലും' കോൽക്കളി.
മാസത്തിൽ രണ്ടുതവണ അംഗങ്ങളുടെ വീടുകളിൽ ഒത്തുചേരുന്ന സംഘം ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനൊപ്പം കളി അവതരിപ്പിക്കുകയും ചെയ്യുന്നു. രാമായണത്തിലെ 12 സന്ദർഭങ്ങളെ ആസ്പദമാക്കി ഓരോന്നിനും വ്യത്യസ്ത പാട്ടുകളും ചുവടുകളുമായാണ് ഈ കളി ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൂടാതെ തച്ചോളിക്കളി, മാപ്പിളകളി തുടങ്ങിയവയും ഇതിന്റെ ഭാഗമായി അവതരിപ്പിക്കാറുണ്ട്. പണ്ട് കടത്തനാടൻ മേഖലയിലെ വിവാഹ ആഘോഷങ്ങളിൽ അവിഭാജ്യഘടകമായിരുന്ന ഈ കലാരൂപം, പഠിച്ചെടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം കാലക്രമേണ അപ്രത്യക്ഷമാവുകയായിരുന്നു.
ഓരോ പഞ്ചായത്തിലും ഒന്നോ രണ്ടോ പേർക്ക് മാത്രം അറിവുള്ള ഈ കലയെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ വലിയ ജനപിന്തുണയാണ് നേടുന്നത്. വർഷങ്ങൾക്ക് ശേഷം ഗൃഹാങ്കണങ്ങളിൽ കോൽക്കളി താളം ഉയർന്നപ്പോൾ ചൂട്ടുതെളിച്ചുപോലും കളി കാണാൻ ആളുകൾ എത്തുന്നത് വലിയ പ്രതീക്ഷ നൽകുന്നതായി സംഘാടകർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് പഠിച്ച കല ഇന്നും ആവേശത്തോടെ അവതരിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് മജീഷ്യൻ കൂടിയായ സംഘാംഗം നാണു കുറ്റ്യാടി പറഞ്ഞു. ചരിത്രവും ഐതിഹ്യവും ഇഴചേർന്ന ഈ കലാരൂപത്തെ വരുംതലമുറയ്ക്കായി ജനകീയമാക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














