തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മാർച്ച് 22 ഞായറാഴ്ച വരെ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രത കാരണം മലയോര മേഖലകളിലൊഴികെ കടുത്ത ഉഷ്ണവും അസ്വസ്ഥതയും അനുഭവപ്പെട്ടേക്കാം. അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും തീരദേശങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പുണ്ട്.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുകയും നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽസമയത്ത് ഒഴിവാക്കുകയും വേണം. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കാൻ ശ്രദ്ധിക്കണം.
പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് കുടിവെള്ളവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. വെയിലേൽക്കുന്ന രീതിയിലുള്ള അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കണം. പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം. അംഗനവാടി കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ എന്നിവർക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ഉച്ചസമയത്ത് ഇവർ വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേക കരുതൽ വേണം.
നിർമ്മാണ തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലിസമയം ക്രമീകരിക്കുകയും ആവശ്യത്തിന് വിശ്രമം ഉറപ്പാക്കുകയും വേണം. ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർക്കും മാധ്യമപ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ അതാത് സ്ഥാപനങ്ങൾ ഉറപ്പാക്കേണ്ടതാണ്. പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ തണലും കുടിവെള്ളവും ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തണം.
ചൂട് കൂടുന്നത് തീപിടുത്തങ്ങൾക്കും കാട്ടുതീയ്ക്കും കാരണമായേക്കാം എന്നതിനാൽ മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ, വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണം. വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുകയും അവയ്ക്ക് കുടിവെള്ളം ഉറപ്പാക്കുകയും വേണം. കുട്ടികളെയോ മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














