പെരുവണ്ണാമൂഴി താഴത്തുവയലിൽ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ നീർപ്പാലം ചോർന്നൊലിക്കുന്നത് മലയോര ഹൈവേ നിർമാണത്തിന് വലിയ തിരിച്ചടിയാകുന്നു. അരനൂറ്റാണ്ട് പഴക്കമുള്ള കനാൽ ശോച്യാവസ്ഥയിലായതോടെയാണ് നീർപ്പാലത്തിൽ നിന്ന് വെള്ളം താഴേക്ക് ഒഴുകാൻ തുടങ്ങിയത്. പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെയുള്ള റീച്ച് ആരംഭിക്കുന്ന ഈ ഭാഗത്ത് ടാറിങ്ങിനായി അടിത്തറ ഒരുക്കിയിട്ടിരിക്കുകയാണ്. എന്നാൽ വശങ്ങളിലേക്ക് വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനാൽ പാതയിൽ വലിയ തോതിൽ വെള്ളം കെട്ടിനിൽക്കുകയാണ്.
മലയോര ഹൈവേയുടെ നിർമാണ വേളയിൽ നീർപ്പാലത്തിന്റെ തൂണുകൾ തടസ്സമായതിനാൽ ഇവിടെ റോഡ് രണ്ട് തട്ടുകളിലായി വൺവേ രീതിയിലാണ് വിഭജിച്ചിരിക്കുന്നത്. ഇതിൽ ഉയരത്തിലുള്ള ഭാഗത്താണ് ഇപ്പോൾ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. നേരത്തെ തന്നെ ശക്തമായ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന പ്രദേശമാണിത്. ഈ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഹൈവേ നീർപ്പാലത്തിന് മുകളിലൂടെ നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും താഴെക്കൂടി തന്നെ നിർമാണം തുടരാനായിരുന്നു കെ.ആർ.എഫ്.ബി.യുടെ തീരുമാനം.
നിലവിൽ ചക്കിട്ടപാറ മുതൽ പെരുവണ്ണാമൂഴി പി.എച്ച്.സി. വരെയുള്ള ഭാഗങ്ങളിൽ ആദ്യഘട്ട ടാറിങ് പൂർത്തിയായിട്ടുണ്ട്. എന്നാൽ താഴത്തുവയൽ ഭാഗത്തെ നിർമാണത്തിലെ കാലതാമസം കാരണം ഇവിടെ ടാറിങ് വൈകുകയായിരുന്നു. ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട് ടാറിങ് ജോലികൾ കൂടുതൽ തടസ്സപ്പെടുത്തുമെന്ന ആശങ്കയിലാണ് നാട്ടുകാരും അധികൃതരും. കാലപ്പഴക്കം ചെന്ന കനാലിന്റെ ചോർച്ച പരിഹരിക്കാതെ റോഡ് നിർമാണം പൂർത്തിയാക്കുന്നത് ഭാവിയിലും വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














