കോഴിക്കോട് വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിക്ക് സമീപമുള്ള വ്യവസായശാലയുടെ മാലിന്യപ്പൈപ്പ് പൊട്ടി കടപ്പുറത്ത് മലിനജലം പരന്നൊഴുകിയ സംഭവത്തിൽ കമ്പനി അധികൃതർ ഉറപ്പുനൽകിയതായി സമരക്കാർ അറിയിച്ചു. നിലമ്പൂർ ട്രേഡേഴ്സ് കമ്പനിയിൽ നിന്നുള്ള രാസവസ്തുക്കളും റബ്ബറും കലർന്ന മാലിന്യമാണ് കഴിഞ്ഞ ദിവസം ബീച്ചിൽ അടിഞ്ഞുകൂടിയത്. ഇതേത്തുടർന്ന് ജനവാസമേഖലയിലൂടെ മലിനജലം ഒഴുക്കരുതെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. വെസ്റ്റ്ഹിൽ മേഖലാ കമ്മിറ്റിയും പ്രദേശവാസികളും നടത്തിയ പ്രതിഷേധ മാർച്ചിനൊടുവിലാണ് ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്.
മലിനജലം ഇനിയൊരിക്കലും കടലിലേക്ക് തുറന്നുവിടില്ലെന്നും നിലവിൽ ബീച്ചിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്ത് പ്രദേശം മണ്ണിട്ടു മൂടുമെന്നും കമ്പനി അധികൃതർ സമ്മതിച്ചു. രണ്ട് ദിവസത്തിനകം വിദഗ്ധരെ എത്തിച്ച് മാലിന്യത്തിന്റെ സാമ്പിൾ പരിശോധിപ്പിക്കാനും മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ അനുമതിപത്രത്തിന്റെ സാധുത പരിശോധിക്കാനും ചർച്ചയിൽ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ ഒരുവട്ടം കൂടി ചർച്ച നടത്താനും ധാരണയായിട്ടുണ്ട്.
ചൊവ്വാഴ്ച പൈപ്പ് പൊട്ടിയതിനെത്തുടർന്നുണ്ടായ രൂക്ഷഗന്ധം പ്രദേശവാസികളെയും സമീപത്തെ ഉദയംഹോമിലെ പ്രായമായ അന്തേവാസികളെയും ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. പലർക്കും ശ്വസനസംബന്ധമായ അസ്വസ്ഥതകൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കമ്പനി ഗേറ്റിൽ നടന്ന പ്രതിഷേധ മാർച്ച് വെള്ളയിൽ പോലീസ് തടയുകയായിരുന്നു. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം അമിത പ്രദീപ് സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം. നിഖിൽ, മേഖലാ സെക്രട്ടറി കെ. ഷിബിൻ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














