കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറുവാടി പുഞ്ചപ്പാടത്തെ വെള്ളക്കെട്ട് ഒഴിവാക്കി മുന്നൂറേക്കറോളം വരുന്ന കൃഷിഭൂമി പൂർണ്ണമായും കൃഷിയോഗ്യമാക്കാൻ വിപുലമായ പദ്ധതികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ചെറുകിട ജലസേചനവകുപ്പിന്റെ സഹകരണത്തോടെ കൂട്ടക്കടവിലെ റെഗുലേറ്റർ കം ബ്രിഡ്ജിന് ആധുനിക ഹൈഡ്രോളിക് ഷട്ടറുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ കൈകൊണ്ട് കറക്കി പ്രവർത്തിപ്പിക്കുന്ന ഷട്ടറുകൾ മാറ്റി ഹൈഡ്രോളിക് സംവിധാനം വരുന്നതോടെ പ്രയത്നം കുറയുകയും വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങളിൽ വേഗത്തിൽ ജലനിരപ്പ് നിയന്ത്രിക്കാൻ സാധിക്കുകയും ചെയ്യും.
ചാലിയാറിലെ കവണക്കല്ല് റെഗുലേറ്റർ വന്നതോടെ കല്ലൻതോടിലെ ജലനിരപ്പ് ഉയരുകയും പുഞ്ചപ്പാടം വെള്ളക്കെട്ടിലാവുകയും ചെയ്തിരുന്നു. ഇത് പരിഹരിക്കാൻ 2018-ൽ ഒരു കോടി രൂപ ചെലവിൽ നടപ്പാക്കിയ കല്ലൻതോട് നീർത്തടപദ്ധതി വലിയൊരു ഭാഗം കൃഷിയോഗ്യമാക്കിയിരുന്നു. എങ്കിലും പൂഞ്ചാലി, പെരുവാള, തേലീരിനട തുടങ്ങിയ ഭാഗങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ സംവിധാനങ്ങൾ ആവശ്യമാണ്.
ചെറുവാടി നടക്കൽ പാലത്തിന് സമീപം കണ്ണഞ്ചാലിലും സമാനമായ രീതിയിൽ വി.സി.ബി. ഷട്ടറുകളും പമ്പ് സെറ്റും സ്ഥാപിക്കുന്നതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ പ്രവൃത്തികൾ പൂർത്തിയാക്കി 300 ഏക്കർ പാടശേഖരവും നെൽകൃഷിക്ക് സജ്ജമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














