ദേശീയപാത ആറുവരിയായി വികസിപ്പിച്ചെങ്കിലും പലയിടങ്ങളിലും സർവീസ് റോഡുകൾക്ക് ആവശ്യമായ വീതിയില്ലാത്തത് വലിയ ഗതാഗത തടസ്സത്തിന് കാരണമാകുന്നു. കൊയിലാണ്ടി മേഖലയിൽ ചെങ്ങോട്ടുകാവ് മുതൽ കോമത്തുകര വരെയും തിരുവങ്ങൂർ, മുത്താമ്പി, പന്തലായനി തുടങ്ങിയ ഭാഗങ്ങളിലും സർവീസ് റോഡിന്റെ അവസ്ഥ പരിതാപകരമാണ്. പലയിടത്തും റോഡിന് പകരം ഓവുചാലിന് മുകളിൽ സ്ഥാപിച്ച കനം കുറഞ്ഞ സ്ലാബുകളിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഭാരം കൂടിയ വാഹനങ്ങൾ കയറുന്നതോടെ ഈ സ്ലാബുകൾ തകരുന്നത് അപകടഭീഷണി ഉയർത്തുന്നുണ്ട്. പ്രത്യേകിച്ച് തിരുവങ്ങൂർ ഭാഗത്ത് കാപ്പാട് റോഡിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് അണ്ടർപ്പാസ് കടന്നുപോകണമെങ്കിൽ സർവീസ് റോഡ് ടൂ-വേ ആകേണ്ടതുണ്ട്. എന്നാൽ നിലവിലെ വീതിക്കുറവ് ഇതിന് തടസ്സമാവുകയാണ്.
സർവീസ് റോഡുകളുടെ നിർമാണത്തിലെ അപാകതകൾ ജനപ്രതിനിധികളും ഗൗരവമായി എടുത്തിട്ടുണ്ട്. ഷാഫി പറമ്പിൽ എം.പി ഇക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിശോധന നടത്തുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. നിയമസഭയിൽ അന്തരിച്ച മുൻ എം.എൽ.എ കാനത്തിൽ ജമീല ഉന്നയിച്ച ചോദ്യത്തിന്, അഴിയൂർ-വെങ്ങളം സ്ട്രെച്ചിലെ വീതിക്കുറവ് പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും മറുപടി നൽകിയിരുന്നു. ഏഴുമീറ്റർ വീതിയിൽ നിർമ്മിക്കേണ്ട സർവീസ് റോഡുകൾ പലയിടത്തും പകുതി വീതിയിൽ പോലും ലഭ്യമല്ലെന്നതാണ് യാഥാർത്ഥ്യം. ഏറ്റെടുത്ത സ്ഥലം പൂർണ്ണമായും റോഡ് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ നാട്ടുകാർക്കിടയിൽ സംശയം നിലനിൽക്കുന്നു.
ദേശീയപാതയ്ക്കായി ഏറ്റെടുത്ത 45 മീറ്റർ സ്ഥലത്തിൽ ഇരുവശങ്ങളിലുമായി 14 മീറ്ററാണ് സർവീസ് റോഡിനായി മാറ്റിവെക്കേണ്ടത്. ഓരോ വശത്തും ഏഴുമീറ്റർ വീതിയുണ്ടെങ്കിൽ മാത്രമേ രണ്ടു വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ സാധിക്കൂ. ഇതിനുപുറമെ പ്രധാന ടൗണുകളിൽ ബസ് ബേകളും കാത്തിരിപ്പ് കേന്ദ്രങ്ങളും നിർബന്ധമാണ്. ബസുകൾ നിർത്തുമ്പോൾ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമില്ലെങ്കിൽ വരുംദിവസങ്ങളിൽ വലിയ ഗതാഗതക്കുരുക്കാകും അനുഭവപ്പെടുക. നടപ്പാതകളും ക്രാഷ് ഗാർഡുകളും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ കൂടി ഉറപ്പുവരുത്തിയാൽ മാത്രമേ ശാസ്ത്രീയമായ രീതിയിൽ പാത വികസനം പൂർത്തിയാകൂ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













