പന്തീരാങ്കാവ് ഒളവണ്ണ മേഖലയിൽ വ്യാപകമായി കുന്നുകൾ ഇടിച്ചുനിരത്തുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിൽ. അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഒളവണ്ണയിൽ ഉണ്ടായിരുന്ന 40 ഓളം കുന്നുകളിൽ ഇതിനോടകം ഏഴെണ്ണം പൂർണ്ണമായും ഇല്ലാതായിക്കഴിഞ്ഞു. തവിട്ടേരിക്കുന്ന്, ചെറുകുന്ന്, പുല്പറമ്പിൽ കുന്ന് എന്നിവ ഇത്തരത്തിൽ നാമാവശേഷമായവയിൽ ചിലതാണ്. നിലവിൽ ശേഷിക്കുന്ന 33 കുന്നുകളിൽ പലതും ഭാഗികമായി ഇടിച്ചുമാറ്റപ്പെട്ട നിലയിൽ അപകടഭീഷണി ഉയർത്തുന്നുമുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൊടൽ നടക്കാവ് കരിയാത്തൻ കോട്ടക്കുന്നിന്റെ കിഴക്കുഭാഗം കേന്ദ്രീകരിച്ചാണ് മണ്ണെടുപ്പ് നടക്കുന്നത്. ഇവിടുത്തെ വയലുകളും തണ്ണീർത്തടങ്ങളും ദേശീയപാത സർവീസ് റോഡിനോട് ചേർന്ന് പത്തടിയോളം ഉയരത്തിൽ മണ്ണടിച്ച് നികത്തുകയാണ്. ചാലിയാറിനോട് (അറപ്പുഴ) ചേർന്നു കിടക്കുന്ന ഈ പ്രദേശത്ത് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുന്നത് വരാനിരിക്കുന്ന മഴക്കാലത്ത് വീടുകൾ പൂർണ്ണമായും വെള്ളത്തിനടിയിലാക്കാൻ കാരണമാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. കൂടാതെ, കുന്നിന്റെ ശേഷിക്കുന്ന ഭാഗം ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലുമാണ്.
പന്തീരാങ്കാവ് വില്ലേജ് ഓഫീസിൽ നിന്ന് സ്റ്റോപ്പ് മെമ്മോ നൽകുകയും താലൂക്ക് ഓഫീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് വില്ലേജ് ഓഫീസർ അറിയിച്ചെങ്കിലും പ്രദേശത്ത് ഇപ്പോഴും കുന്നിടിക്കൽ തടസ്സമില്ലാതെ തുടരുകയാണ്. പന്തീരാങ്കാവ്, ഒളവണ്ണ വില്ലേജുകളിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് കുന്നിടിക്കലും വയൽ നികത്തലും നിർബാധം നടക്കുമ്പോഴും ബന്ധപ്പെട്ട അധികൃതർ പുലർത്തുന്ന മൗനം ദുരൂഹമാണെന്ന് ജനങ്ങൾ ആരോപിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










