കാസർകോട്: ദേശീയപാതയുടെ സംസ്ഥാനത്തെ ആദ്യ റീച്ചായ തലപ്പാടി-ചെങ്കള റീച്ച് ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച നടക്കും. സംസ്ഥാനത്ത് ആദ്യമായി നിർമാണം പൂർത്തിയാക്കിയ റീച്ച് ബുധനാഴ്‌ച കൊച്ചിയിൽനിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കുന്നത്. റീച്ചിന്റെ നിർമാണക്കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് ക്രെഡിറ്റ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) 2025 ഓഗസ്റ്റിൽ ദേശീയപാത അതോറിറ്റിക്ക് കൈമാറിയിരുന്നു.
ദേശീയപാത ആറുവരിപ്പാതയാക്കിയ ഭാഗത്തെ പരിശോധന പൂർത്തിയായെന്ന് ദേശീയപാത അതോറിറ്റി സാക്ഷ്യപ്പെടുത്തുന്ന പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ഒക്ടോബറിൽത്തന്നെ പാത ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. ഈ പാതയാണ് ബുധനാഴ്ച ഔദ്യോഗികമായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
ദേശീയപാതാ അതോറിറ്റയുടെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ റീച്ചാണിത്. വൻകിട കമ്പനികളായ അദാനി, മേഘ, കെ.എൻ.ആർ., കെ.എം.സി. തുടങ്ങിയവയാണ് മറ്റു റീച്ചുകളിലെ കരാറുകാർ. എന്നാൽ അവരേക്കാൾ വേഗത്തിൽ 39 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റീച്ചിലെ എല്ലാം പ്രവൃത്തിയും തീർക്കാനായാത് സൊസൈറ്റിയുടെ പ്രവർത്തന മികവിനുള്ള അംഗീകാരമായിരുന്നു.
2021 നവംബറിൽ തുടങ്ങിയ നവീകരണം ഡിസൈനിങ്ങിലെ മാറ്റം, നീണ്ടുനിന്ന മഴക്കാലം, അധിക പ്രവൃത്തി തുടങ്ങിയ വെല്ലുവിളികളെ അതിജീവിച്ചാണ് ഊരാളുങ്കൽ പൂർത്തിയാക്കിയത്. ഈ റീച്ചിൽ അനധികൃതമായി തുടങ്ങിയ ടോൾപ്പിരിവും ഏറെ ജനകീയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
ശ്രദ്ധിക്കുന്ന ഒറ്റത്തൂൺ മേൽപ്പാലം
ഈ റീച്ചിലെ ഒറ്റത്തുൺ മേൽപ്പാലമാണ് ദേശീയപാതയെ ശ്രദ്ധയിലേക്കെത്തിച്ചത്. കാസർകോട് നഗരത്തിലെ മേൽപ്പാലമാണ് ഒറ്റത്തൂണുകളിലായി ഉയർന്നത്. ആറുവരിപ്പാതയിൽ ഇത്തരത്തിലൊരു പാലം ദക്ഷിണേന്ത്യയിൽ ആദ്യത്തേതാണ്. രാജ്യത്തെതന്നെ ഏറ്റവും ഉയരവും വീതിയുമുള്ളതാണ് ഈ മേൽപ്പാലമെന്നതും പ്രത്യേകതയാണ്.
മനുഷ്യന്റെ തോളെല്ലിനോട് രൂപസാദൃശ്യം തോന്നുന്ന രീതിയിലാണ് ഈ പാലം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 27 മീറ്ററാണ് പാലത്തിൻ്റെ വീതി. ഇരുഭാഗത്തും കോൺക്രീറ്റ് തൂണുകൾ ഉയർത്തിയാണ് സാധാരണ ഗതിയിൽ പാലങ്ങൾ നിർമിക്കാറുള്ളത്. എന്നാൽ ഇതിന് മധ്യത്തിൽ ഒറ്റത്തൂൺ മാത്രമാണുള്ളത്. കറന്തക്കാട്ടെ കാസർകോട് അഗ്‌നി രക്ഷാ സേനയുടെ ഓഫീസിന് സമീപത്തു നിന്ന് തുട ങ്ങുന്ന പാലം പുതിയ ബസ് സ്റ്റാൻഡും കഴിഞ്ഞ് നുള്ളിപ്പാടി വരെ 1.12 കിലോമീറ്റർ നീളമുണ്ട്. 90 തൂണുകളുള്ള ഈ പാലത്തിന്റെ നിർമാണം ഏപ്രിലോടെയാണ് പൂർത്തിയാക്കിയത്
നിരീക്ഷണത്തിന് എ.ടി.എം.എസ്., ക്യാമറ വലയവും
ദേശീയപാതയിൽ ഗതാഗതനിയമങ്ങൾ തെറ്റിച്ചാൽ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാൽ നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ്. ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റ (എ.ടി.എം.എസ്.)വും കൺട്രോൾ റൂമുമുണ്ട്. 59 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 500 മീറ്റർ ദൂരത്തിലുള്ള ദൃശ്യങ്ങൾ വരെ ഒപ്പിയെടുക്കും. ഇതിൽ 39 എണ്ണം 360 ഡിഗ്രിയിൽ കറങ്ങുന്നവയാണ്..
ഏതുസമയത്തും അപകടങ്ങളുണ്ടായാൽ എ.ടി.എം.എസ്. കൺട്രോൾ മുറിയിൽ അലാറമോടെ വിവരങ്ങളെത്തും. അപകടം നടന്നാൽ 1033 എന്ന ടോൾഫ്രീ നമ്പറിലേക്ക് സന്ദേശമെത്തിയാൽ അവിടുന്ന് ബന്ധപ്പെട്ട കൺട്രോൾ മുറിയിലേക്കും ഉടൻ വിവരങ്ങൾ കൈമാറും. അപകടത്തിൽപ്പെട്ടവർക്ക് ഉടൻ ആശുപത്രി സേവനമുറപ്പാക്കും വിധം ആംബുലൻസ് സംവിധാനവും എ.ടി.എം.എസിൻ്റെ ഭാഗമായി പ്രവർത്തിക്കും.
നേട്ടംകൊയ്‌ത് യു.എൽ.സി.സി.എസും
ആറുവരിയാക്കുന്ന ദേശീയപാത 66-ൽ സംസ്ഥാനത്ത് ആകെയുള്ള 23 റീച്ചുകളിൽ കരാർ ലഭിച്ച കേരളത്തിൽനിന്നുള്ള ഏകസ്ഥാപനമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ ഒപ്പറേറ്റീവ് സൊസൈറ്റി. രാജ്യത്തെ മുൻനിര കരാറുകാരെ പിന്നിലാക്കി ആദ്യം നിർമാണം പൂർത്തിയാക്കാനായതും നേട്ടമായി. ദേശീയപാതാ അതോറിറ്റിയുടെ ഇക്കൊല്ലത്തെ കലൻഡറിൽ രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി തലപ്പാടി ചെങ്കള റോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. 39 കിലോമീറ്റർ നീളമുള്ള സ്ട്രെച്ചിന്റെ നിർമാണം തുടങ്ങിയത് 2021 നവംബറിലാണ്. 2025 ഓഗസ്റ്റ് 25-ന് പൂർത്തിയാക്കി.
പ്രകൃതിക്കും മുറിവേൽക്കാതെ
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്ന 40 വർഷം പ്രായമുള്ള അപൂർവയിനം മാവ് ദേശീയപാതാ വികസനത്തിനായി മുറിക്കേണ്ടിവന്നപ്പോൾ, കാസർകോട് തോട്ടവിളഗവേഷണകേന്ദ്രത്തിലെ കൃഷിവിജ്ഞാൻ കേന്ദ്രത്തിന്റെ സഹായത്തോടെ ഗ്രാഫ്റ്റ് ചെയ്ത് 500 തൈ ഉണ്ടാക്കി നട്ടുപിടിപ്പിച്ചു. മുറിക്കേണ്ട മരങ്ങളിൽ കുമ്പള പാലത്തിന് അരികിൽ നിന്ന ഈന്തപ്പന കയ്യാറിലെ സൊസൈറ്റിവക തോട്ടത്തിൽ മാറ്റി നട്ടുവളർത്തുന്നുണ്ട്. കവയിത്രി സുഗതകുമാരി കാസർകോട് ടൗണിൽ പുതിയ ബസ് സ്റ്റാൻഡിനു സമീപം 2006 ഡിസംബർ മൂന്നിനു നട്ട് 'പയസ്വിനി' എന്നു പേരിട്ട മാവിനെ താളിപ്പടുപ്പ് അടുക്കത്ത് ബയൽ സ്കൂളങ്കണത്തിലേക്കു മാറ്റി നട്ടു. മാതൃഭൂമി സീഡും ഇതിൽ പങ്കാളികളായി. റോഡുപണിക്കു നിലമൊരുക്കി വരുമ്പോൾ ഒരിടത്ത് പെരുമ്പാമ്പ് മുട്ടയിട്ടിരിക്കുന്നതു കണ്ട് അവിടുത്തെ പണി 55 ദിവസത്തോളം നിർത്തിവച്ച് മുട്ടകൾ വിരിയാൻ കാത്തിരുന്നതും വാർത്തയായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







