മയ്യഴി: ഏറെ പഴക്കംചെന്നതും ബലക്ഷയം നേരിടുന്നതുമായ മാഹി പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുമെന്ന പുതുച്ചേരി ലെഫ്. ഗവർണർ കെ. കൈലാസനാഥൻ്റെ പ്രഖ്യാപനം നാടിന് പ്രതീക്ഷനൽകി. കഴിഞ്ഞദിവസം വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മാഹിയിലെത്തിയപ്പോഴായിരുന്നു പ്രഖ്യാപനം. ദേശീയപാതയിൽ കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതും മയ്യഴിയുടെ പ്രവേശനകവാടവുമാണ് മാഹി പാലം. 1933-ൽ നിർമിച്ചതാണ് നിലവിലുള്ള മാഹി പാലം.
1971-ൽ തൂണുകൾ നിലനിർത്തി പാലത്തിന്റെ മേൽഭാഗം പുതുക്കിപ്പണിതിരുന്നു. ഇതിൽ പിന്നീട് തൂണുകൾക്കും അടിഭാഗത്തും തകരാറുകൾ കാണപ്പെട്ടതിനാൽ 2003-ലും 2005-ലും അറ്റകുറ്റപ്പണികൾ നടത്തി. പിന്നീട് ബീമുകൾക്ക് താഴെ നീണ്ട വിള്ളലുകളും പ്രത്യക്ഷപ്പെട്ടു. ഭാരം കുറയ്ക്കാൻ ഘടിപ്പിച്ച ബെയറിങ്ങുകൾ നഷ്‌ടപ്പെട്ടതായും കണ്ടെത്തി. പിന്നീട് 2016-ൽ 10 ദിവസം പാലം അടച്ചിട്ട് ഗണൈറ്റിങ് എന്ന ബലപ്പെടുത്തലും നടത്തി. 2019 നവംബറിൽ 11.50 ലക്ഷം രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ അറ്റകുറ്റപ്പണിയും നടത്തി. ഏറ്റവുമൊടുവിൽ 2024 ഏപ്രിൽ 28-ന് മൂന്നാഴ്‌ചയിലേറെ പാലം അടച്ചിട്ട് പാലം ബലപ്പെടുത്തലും അറ്റകുറ്റപ്പണിയും നടത്തിയിരുന്നു. 19.33 ലക്ഷം രൂപ ചെലവിട്ടാണ് കേന്ദ്ര ദേശീയപാതാവിഭാഗം പ്രവൃത്തി നടത്തിയത്.
ദീർഘകാലം പാലത്തിൻ്റെ മേൽഭാഗം പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായി ജനം യാത്രാദുരിതം അനുഭവിച്ചിരുന്നു. തലശ്ശേരി-മാഹി ബൈപ്പാസ് പൂർത്തിയായതിന് ശേഷം മാത്രമാണ് കേന്ദ്ര ദേശീയപാതാവിഭാഗം പാലം അറ്റകുറ്റപ്പണി നടത്തിയത്.
പുതിയ പാലം മാത്രം പരിഹാരം
: പഴയപാലം ബലപ്പെടുത്തുന്നത് ശാശ്വതമല്ലെന്നും പുതിയ പാലം നിർമിക്കുക മാത്രമാണ് പരിഹാരമെന്നും അതിനാൽ പുതിയ പാലം നിർമിക്കണമെന്നുമാണ് എല്ലാവരും ആവശ്യപ്പെട്ടത്. ഈ ആവശ്യം കേരള-പുതുച്ചേരി സർക്കാരുകളും ബന്ധപ്പെട്ട ജനപ്രതിനിധികളും ഉന്നയിച്ചിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ ഇക്കാര്യം പരിഗണിച്ചിരുന്നില്ല.
മാഹി ബൈപ്പാസ് യാഥാർഥ്യമായതിനാൽ മാഹി പാലത്തിന് പ്രസക്തിയില്ലെന്നാണ് കേന്ദ്രദേശീയപാതാ വിഭാഗം വിലയിരുത്തിയത്. പാലത്തിൻ്റെ അടിയന്തര പ്രാധാന്യം ബന്ധപ്പെട്ട വകുപ്പിനെയും കേന്ദ്ര മന്ത്രിയെയും ബോധ്യപ്പെടുത്താൻ ഉത്തരവാദപ്പെട്ടവർക്ക് കഴിഞ്ഞതുമില്ല. ഈ സാഹചര്യത്തിലാണ് മലയാളിയും കോഴിക്കോട് സ്വദേശിയുമായ കെ. കൈലാസനാഥൻ പുതിയ മാഹി പാലത്തിനായി ഇടപെട്ടത്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി ഇക്കാര്യം ചർച്ചചെയ്‌തതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 35 കോടി രൂപ ചെലവിട്ടാണ് പാലം നിർമിക്കുക.
മാഹി ദേശീയപാത വീതികൂട്ടും
മാഹി-തലശ്ശേരി ദേശീയപാതയിൽ മാഹി ടൗൺ സ്ഥിതിചെയ്യുന്ന രണ്ടര കിലോമീറ്ററോളം വരുന്ന റോഡിന്റെ വീതി കുറവ് ഗതാഗതക്കുരുക്കിന് കാരണമാകുന്നതായും ഇടുങ്ങിയ റോഡുകൾ വീതികൂട്ടുമെന്നും അതിനുള്ള നടപടികൾ കൈക്കൊണ്ടതായും ലെഫ്. ഗവർണർ വിശദീകരിച്ചിരുന്നു. 5.5 മീറ്റർ വീതിയുള്ള റോഡ് ഏഴുമീറ്റർ വീതിയാക്കുന്നതോടെ ഈ മേഖലയിലെ ഗതാഗത തടസ്സം അവസാനിക്കും. കേന്ദ്ര ദേശീയപാതാവിഭാഗം കോഴിക്കോട്ടെ പ്രോജക്ട‌് ഡയറക്‌ടർ ഉടനെ വേണ്ട നടപടികൾ സ്വീകരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







